Latest News From Kannur

ക്‌ളീന്‍ എനര്‍ജി ഇന്നൊവേഷന്‍ ആന്റ് ബിസിനസ്സ് ഇന്‍കുബേഷന്‍ സെന്റര്‍ നിലവില്‍ വന്നു

0

തിരുവനന്തപുരം :എനര്‍ജി മാനേജ്‌മെന്റ് സെന്ററും ക്‌ളീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്ററും കെ ഡിസ്‌കും ചേര്‍ന്ന് ആരംഭിക്കുന്ന ക്‌ളീന്‍ എനര്‍ജി ഇന്നൊവഷേന്‍ ആന്റ് ബിസിനസ്സ് ഇന്‍കുബേഷന്‍ സെന്റര്‍ – സിബെക് – ഉദ്ഘാടനം ചെയ്തു. ഇന്ന് തിരുവനന്തപുരം അപ്പോളോ ഡിമോറയില്‍ വെച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.

സാധാരണക്കാരന് ഗുണംകിട്ടുന്ന ഗവേഷണങ്ങളാണ് വേണ്ടതെന്നും സൗരോര്‍ജ്ജത്തിന്റെ കാര്യത്തിലായാലും ജലവൈദ്യുതിയുടെ കാര്യത്തിലായാലും ചെലവു ചുരുക്കി ഉല്പാദനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യകളാണ് വേണ്ടതെന്നും സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് വൈദ്യുതി വകുപ്പു മന്ത്രി ശ്രീ. കൃഷ്ണന്‍കുട്ടി. കേരളത്തില്‍ ലഭ്യമായ തോറിയം ഉപയോഗിച്ച് ചെലവു കുറഞ്ഞ തോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന കാര്യവും ശാസ്ര്തജ്ഞന്മാര്‍ ആലോചിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി 2022 ഫെബ്രുവരിയില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് ഈ സെന്റര്‍ സ്ഥാപിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗതവകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു ആദ്ധ്യക്ഷം വഹിച്ചു. കാലഘട്ടത്തിന്റ വെല്ലുവിളികള്‍ നേരിടാന്‍ ഉതകുന്ന സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സെന്ററുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകളുടെ സഹായത്തോടുകൂടി ഡീസല്‍ ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഗതാഗത വകുപ്പു നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.

ചടങ്ങില്‍ വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. അക്കാദമിക് സ്ഥാപനങ്ങളെയും വ്യവസായങ്ങളെയും ഗവേഷണസ്ഥാപനങ്ങളെയും എങ്ങിനെ ബന്ധിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ ഫലങ്ങള്‍ സാധാരണക്കാരന് താങ്ങാവുന്നതായിരിക്കണം എന്നും സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ല്കഷ്യമിട്ടിരിക്കുന്ന വെര്‍ച്ച്വല്‍ ഫണ്ട് ഉപയോഗിക്കണമെന്നും പറഞ്ഞു. ചടങ്ങില്‍ സിബെക് ന്റെ ലോഗോ, വെബ്‌സൈറ്റ് എന്നിവ പ്രകാശനം ചെയ്തു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി ഇന്നൊവേഷന്‍ ചാലഞ്ച് പ്രഖ്യാപനവും നടത്തി. ചാലഞ്ചില്‍ വിജയികളാകുന്നവര്‍ക്ക് മറ്റു സൗകര്യങ്ങളോടൊപ്പം ഇരുപത്തിഅഞ്ചു ലക്ഷം രൂപ വരെ ഇംപ്‌ളിമെന്റേഷന്‍ ഗ്രാന്റായി ലഭിക്കും.

ഉദ്ഘാടനച്ചടങ്ങിന് ഊര്‍ജ്ജ വകുപ്പു സെക്രട്ടറി ശ്രീ. രാജേഷ്‌കുമാര്‍ സിഹ്ന ഐ. എ. എസ് സ്വാഗതം പറഞ്ഞു. ടാറ്റാ പവർ കമ്പനി സി. ഇ. ഒ ഡോഃ പ്രവീർ സിൻഹ, ഡോഃ പി. വി. ഉണ്ണിക്കൃഷ്ണൻ, കെ. ഡിസ്ക് മെമ്പർ സെക്രട്ടറി, ക്ളീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്റർ സി. ഇ. ഒ ഡോഃ ജി. ഗണേഷ് ദാസ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീ. വി. സി. അനിൽകുമാർ, ഇ. എം. സി. ഡയറക്ടർ ഡോഃ ആർ. ഹരികുമാർ, സോഷ്യല്‍ ആല്‍ഫ സി. ഇ. ഒ ശ്രീ. മനോജ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Leave A Reply

Your email address will not be published.