കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
ഇന്നലെ രാത്രിയിലാണ് സംഭവം. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറും നഴ്‌സും ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയിലാണ്. പരിക്കേറ്റ ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ ജില്ലാ ആശുപത്രിയിലും നഴ്‌സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഞായറാഴ്ച പ്രതികളില്‍ ഒരാളായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തി. മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞതിന് വിഷ്ണുവും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന്റെ പ്രതികാരമാണ് ഇന്നലെ രാത്രിയുണ്ടായ ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.