Latest News From Kannur

കെഎസ്ആര്‍ടിസി ശമ്പളം അഞ്ചിന് നല്‍കണം; ഹൈക്കോടതി

0

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പു ശമ്പളം നല്‍കണമെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അതിന് എന്തുനടപടിയാണ് വേണ്ടതെന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു .

 

സാധാരണ തൊഴിലാളികളുടെ ശമ്പളം സമയത്തു നല്‍കിയേ പറ്റൂ. ഇതു നടപ്പാക്കാതെ കാര്യക്ഷമത നേടാനാവില്ല. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മറ്റും ചോരയും നീരുമാണു വരുമാനം ഉണ്ടാക്കുന്നത്. വരുമാനത്തില്‍നിന്ന് ആദ്യം നല്‍കേണ്ടത് ഇവരുടെ ശമ്പളമാണ്. അല്ലാത്തപക്ഷം കഷ്ടപ്പെടുന്നവര്‍ക്കു വഞ്ചിക്കപ്പെട്ടെന്ന തോന്നലുണ്ടാകും. ധനസഹായം നല്‍കിയാല്‍ മാത്രം പോരെന്നും കെഎസ്ആര്‍ടിസിയുടെ ബാധ്യത പെരുകുന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

ഓഫീസര്‍മാര്‍ക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ടെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം കാണിക്കുകയാണന്നും ചൂണ്ടിക്കാട്ടി ഡ്രൈവര്‍മാരായ ആര്‍ ബാജിയും മറ്റും സമര്‍പ്പിച്ച ഹര്‍ജിയി പരിഗണിക്കുകയായിരുന്നു കോടതി.  ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്, മിനിസ്റ്റീരിയല്‍, സ്റ്റോര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാതെ മേലുദ്യോഗസ്ഥര്‍ക്കു ശമ്പളം നല്‍കരുതെന്നുള്ള മുന്‍ ഉത്തരവു തുടരുമെന്നു കോടതി വ്യക്തമാക്കി. .

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ അറിയിച്ചു.നടപടിയെ സ്വാഗതം ചെയ്ത കോടതി, എടുക്കുന്ന തീരുമാനങ്ങള്‍ ജൂലൈ ഒന്നിനകം അറിയിക്കാന്‍ നിര്‍ദേശിച്ചു. ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനും ഭൂമിയും മറ്റ് ആസ്തികളും വിനിയോഗിച്ച് ബാധ്യത തീര്‍ക്കാനും കഴിയുമോ എന്നു നോക്കണമെന്നും നിര്‍ദേശിച്ചു.

Leave A Reply

Your email address will not be published.