വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന് മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഉത്തരകേരളത്തിലെതന്നെ ആദ്യ നാലുവരി ബൈപ്പാസാണിത്.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയപാത വികസനപദ്ധതിയിൽപ്പെടുത്തി 1300 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്ററിൽ ബൈപ്പാസ് നിർമിച്ചത്. 40 വർഷംമുമ്പേ തുടങ്ങിയതാണ് ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ. ഇത് പൂർണതയിലെത്തി പ്രവൃത്തി തുടങ്ങിയത് 2017 ഡിസംബറിലാണ്. 30 മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും രണ്ടുവർഷത്തെ പ്രളയങ്ങളും കോവിഡും തടസ്സമായതോടെ നിർമാണം വൈകി. എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ആൻഡ് ജി.എച്ച്.വി. ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പ്രവൃത്തി നടത്തുന്നത്.