Latest News From Kannur

സത്യൻറെ രോഗനിർണ്ണയം നടത്തിയ കോഴിക്കോട്ടുകാരൻ !

0

-ദിവാകരൻ ചോമ്പാല

ആത്മസഖിയിലൂടെ മലയാളചലച്ചിത്രവേദിയിൽ കാലെടുത്തുവെച്ച പകരക്കാരനില്ലാത്ത മലയാളത്തിലെ മഹാനടൻ സത്യൻ മരണമെന്ന നിത്യവിസ്‌മൃതിയിലേയ്ക്ക് അലിഞ്ഞുചേർന്നിട്ട് ഇന്നേയ്ക്ക്‌ അമ്പത്തിഒന്നാം വർഷം .ജൂൺ 15 .
അദ്ധ്യാപകൻ ,വക്കീൽ ഗുമസ്ഥൻ,പട്ടാളക്കാരൻ ,പോലീസുകാരൻ തുടങ്ങി നിത്യജീവിതത്തിൽ വ്യത്യസ്‌ത വേഷങ്ങളിലൂടെ കടന്നുവന്ന മാനുവൽ സത്യനേശൻ നാടാർ എന്ന സത്യൻ നാടകത്തിലൂടെയാണ് സിനിമാവേദിയിലെത്തിയത് .
ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയായ സത്യനുമായി ഇടപഴകുകയും സ്നേഹിക്കുകയും ചെയ്ത ഒരു കോഴിക്കോട്ടുകാരനുണ്ട് .
ഇന്നും സത്യന്റെ കാര്യം പറയുമ്പോൾ കണ്ണുനനയുന്ന വന്ദ്യവയോധികൻ .കുണ്ടുപറമ്പ് സ്വദേശി കെ .പി.ദിവാകരൻ .
ഏറെക്കാലം ചെന്നൈയിലെ കെ .ജെ .ഹോസ്പ്പിറ്റലിൽ മെഡിക്കൽ ടെക്നോളജിസ്റ്റായി ജോലിനോക്കുകയായിരുന്നു ഇദ്ധേഹം .
പഠിച്ചത് ചെന്നൈയിൽ .ഇറ്റലിയിലും റോമിലുമായിരുന്നു ദിവാകരൻെറ ഉന്നതപഠനം .
സിനിമ ഷൂട്ടിംഗിനിടയിൽ കുഴഞ്ഞുവീണ സത്യൻ എന്ന മഹാനടനെ നേരെ കൊണ്ടുവന്നത്‌ ചെന്നൈയിലെ കെ ജെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ .
വിദഗ്ദ്ധ ഡോക്റ്റർമാരുടെ കൂട്ടായ്‌മയിൽ വിവിധപരിശോധനകൾ .കൂട്ടത്തിൽ രക്തപരിശോധനയും.
മെഡിക്കൽ ടെക്നോളജിസ്റ്റായ ദിവാകരനാണ് സത്യന്റെ രക്തം കുത്തിയെടുത്ത് പരിശോധിച്ചത് .
തന്റെ മുന്നിൽ കിട്ടുന്ന ഓരോ രക്തസാമ്പിളും പരിശോധിക്കുന്നതിനായി മൈക്രോസ്കോപ്പിൽ നോക്കുന്നതിനും മുൻപേ ആർക്കോ വേണ്ടി ,അഥവാ നന്മക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു വേറിട്ട സ്വഭാവം ദിവാകരനുണ്ട് .
രോഗമൊന്നും ഉണ്ടാവരുതേ എന്നപ്രാർത്ഥനയോടെയാവും അദ്ദേഹം രക്തസാമ്പിൾ നോക്കുക .
സത്യന്റെ രക്ത പരിശോധനയ്ക്ക് മുൻപും പ്രാർത്ഥന മുടക്കിയില്ല .
രക്തപരിശോധനക്കിടയിൽ രക്തത്തിലെ കൂടിയ ഇ എസ് ആർ അളവ് അദ്ദേഹത്തെ വല്ലാതാക്കി .ശ്വാസഗതി കൂടി .ദിവാകരൻറെ ശരീരം വിയർക്കാൻ തുടങ്ങി.
താനേറ്റവുമധികം ആരാധിക്കുന്ന സിനിമാതാരം സത്യൻ രക്താർബുദത്തിൻറെ പിടിയിലമർന്നെന്ന് ദിവാകരന് ബോദ്ധ്യമായെങ്കിലും തൽക്കാലം മറ്റാരോടും വ്യക്തമാക്കാതെ കുറെ നേരം പിടിച്ചു നിന്നു .
പരിശോധനാ കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ സത്യൻ ദിവാകരൻറെ കൈകൾ പിടിച്ചുകുലുക്കി .തത്സമയം സത്യന്റെ കൈകളുടെ ആരോഗ്യം വീണ്ടും ദിവാകരനെ സംശയാലുവാക്കി .

വൈകാതെ അൽപ്പംകൂടി രക്തം സാമ്പിളെടുത്ത് വീണ്ടും ലേബിലേക്കോടി പരിശോധന തുടങ്ങി .രോഗം സ്ഥിരീകരിക്കപ്പെട്ടു .സത്യന് രക്താർബുദം !
രോഗവിവരമറിഞ്ഞിട്ടും അശേഷം തളർച്ചയില്ലാതെ,പതർച്ചയില്ലാതെ രണ്ടുവർഷത്തിലേറെ സത്യൻ വീണ്ടും ജീവിച്ചു .
ആശുപത്രിയിൽ ചെക്കപ്പിന് വരുമ്പോഴും അല്ലാത്തപ്പൊഴുമെല്ലാം സത്യന് ദിവാകരനോട് വല്ലാത്തഒരാത്മബന്ധമായിരുന്നു .ഒരു സ്വന്തം സഹോദരനോടെന്നപോലെ .
സംവിധായകൻ രാമു കാര്യാട്ടുമായും അടുത്ത ബന്ധമുണ്ടായിരുന്ന ദിവാകരൻ വെള്ളിത്തിരയിലും ഒരു കൈ നോക്കാതെയുമല്ല .
അഭയം എന്ന മലയാള ചിത്രത്തിൽ നായികയായ ഷീലയുടെരോഗം ചികിൽസിച്ചു ഭേദമാക്കുന്ന ഡോക്ടരുടെ വേഷത്തിലായിരുന്നു ദിവാകരൻ അഭിനയിച്ചത് .
മലയാളികളുടെ അഭിമാനമായ നടൻ സത്യൻറെ രോഗം രക്തപരിശോധനയിലൂടെ നിർണ്ണയിക്കാനായത് ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളിൽ ഒന്നാണെന്ന് ദിവാകരൻ.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അമ്മയുടെ രക്തം പതിവായി പരിശോധിച്ചിരുന്നതിന് പുറമെ ഷീല ,മധു തുടങ്ങിയവരുടെയും രക്തസാമ്പിളുകൾ ദിവാകരന്റെ മൈക്രോസ്‌കോപ്പിന് മുന്നിലെത്തിയിട്ടുണ്ട് .
എംജിആറും ജയലളിതയുമായും മറ്റും അടുത്തിടപെടാനും ഈ രക്തപരിശോധനകൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
തെക്കേ ഇന്ത്യയിലേ ആദ്യത്തെ കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ ടീമിലും ഇദ്ദേഹം അംഗമായിരുന്നു .
ചെന്നൈ വിജയ ഹോസ്‌പിറ്റൽ ,കോഴിക്കോട് പി വി എസ് ഹോസ്‌പിറ്റൽ തുടങ്ങിയ പ്രമുഖ ഇടങ്ങളിലും സേവനമനുഷ്ഠിച്ച ദിവാകരൻ പിന്നീട് കോഴിക്കോട് മാവൂർ റോഡിൽ ഭാരത് ഡയഗ്നോസ്റ്റിക് സെന്റർ എന്ന സ്ഥാപനം തുടങ്ങുകയുമണ്ടായി .ബി ഡി എസ്സ് ദിവാകരൻ എന്നറിയപ്പെടാനിടയായതും അങ്ങിനെ ലാബറട്ടറിടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായ എണ്ണമറ്റ കൂട്ടികൾക്ക് പരിശീലന ഇടംകൂടിയായിരുന്നു ഈ സ്ഥാപനം .
ആർട് ഓഫ് ലിവിംഗ് എന്താണെന്നുപോലും കോഴിക്കോട്ടുകാർക്ക് അറിയാത്ത ഒരു പഴയ കാലമുണ്ടായിരുന്നു .
ആകാലയളവിൽ ആർട് ഓഫ് ലിവിംഗിന്റെ ആദ്യകാല പ്രചാരകരിൽ ഏറെ ശ്രദ്ധേയയായ കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ശ്രീലതടീച്ചർ തുടങ്ങിയവർക്കെല്ലാമൊപ്പം രാപാലില്ലാതെ ഓടിനടന്ന ഈ വലിയ മനുഷ്യൻ ധനലാഭമോ ,അധികാര മോഹമോ .സ്ഥാനമാനങ്ങളോ ഒന്നുമാഗ്രഹിക്കാതെ സേവകൻ എന്നനിലയിൽ ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന് കനത്ത മുതൽക്കൂട്ടായിത്തീർന്നിരുന്നുവെന്നതും നിഷേധിക്കാനാവാത്ത സത്യം .അധികാരത്തിനും പദവിക്കുംവേണ്ടി ഇടിച്ചുകേറാനറിയാത്ത സാധുവായ മനുഷ്യൻ ഇപ്പോൾ മക്കളുടെ കൂടെ വിശ്രമ ജീവിതം ,ഭാര്യ സുമടീച്ചർ .

Leave A Reply

Your email address will not be published.