സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അസാധാരണായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയം നഗരത്തിലെത്തിയത്. വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വേദിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചു. ജനറല്‍ ആശുപത്രിക്ക് മുന്നിലും പരിപാടി നടക്കുന്ന മാമ്മന്‍മാപ്പിള ഹാളിന് മുന്നിലും പോലീസ് മതില്‍ തീര്‍ത്തിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലോക്കല്‍ പോലീസിന് പുറമെ 25 സുരക്ഷാ സംഗമാണ് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചുപേര്‍, രണ്ടു കമാന്‍ഡോ വാഹനത്തില്‍ പത്ത് പേര്‍, ദ്രുതകര്‍മസേനയുടെ എട്ടുപേരും സംഘത്തിലുണ്ട്. മുഖ്യമന്ത്രി മറ്റു ജില്ലകളിലേക്ക് കടക്കുമ്പോള്‍ 40 അംഗ സുരക്ഷ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും. മറ്റു ജില്ലകളില്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അധികമായി ഒരു പൈലറ്റ് എസ്‌കോര്‍ട്ടുമുണ്ടാകും.
കോട്ടയത്ത് മധ്യമേഖലാ ഐ.ജി.അര്‍ഷിത അട്ടല്ലൂരി സുരക്ഷക്ക് മേല്‍നോട്ടം. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നവര്‍ക്ക് കറുത്തമാസ്‌കിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത മാസ്‌ക് മാറ്റാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പരിപാടിക്ക് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടി നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്നേ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഹാളിലെത്താനായിരുന്നു നിര്‍ദേശം.
റോഡരികില്‍ കിടന്ന വാഹനങ്ങള്‍ ക്രൈയിന്‍ ഉപയോഗിച്ച് മാറ്റുകയും ചെയ്തു. മുന്നറിയിപ്പിലാതെയുള്ള റോഡടച്ചുള്ള നിയന്ത്രണങ്ങള്‍ ജനങ്ങളെ വലച്ചു.
ബസേലിയോസ് ജംഗ്ഷന്‍ , കലക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക വല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും പോലീസ് അടച്ചിട്ടിരിക്കുകയാണ്.