കോവിഡിന്റെ രണ്ടാം തരംഗം ബിജെപിയുടെ പ്രചാരണങ്ങൾക്ക് തടസ്സമായില്ലായിരുന്നുവെങ്കിൽ ബംഗാളിൽ ബിജെപി ജയിക്കുമായിരുന്നു എന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ബിജെപിയുടെ പ്രചാരണങ്ങൾക്ക് തടസ്സമായില്ലായിരുന്നുവെങ്കിൽ ബംഗാളിൽ ബിജെപി ജയിക്കുമായിരുന്നു എന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ. കൊൽക്കത്തയിലെ യോഗത്തിൽ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച്, ഏപ്രിൽ മാസത്തിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തിലായിരുന്നു പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇത് ബിജെപിയുടെ പ്രചാരണത്തെ ബാധിച്ചു എന്നാണ് നഡ്ഡ വ്യക്തമാക്കിയത്. അടുത്ത ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും എന്ന പ്രത്യാശയും നഡ്ഡ പ്രകടിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രാചരണങ്ങളുടെ ആദ്യഘട്ടത്തിൽ ബിജെപി മുന്നേറിയിരുന്നുവെന്നും എന്നാൽ വോട്ടെടുപ്പിന്റെ നാലാംഘട്ടത്തിൽ ഉണ്ടായ കോവിഡിന്റെ രണ്ടാം തരംഗത്തോടെ പ്രചാരണത്തിൽ നിന്ന് പിന്മാറേണ്ടി വന്നതായും ജെപി നഡ്ഡ പറഞ്ഞു.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ കൂറ്റൻ റാലികളും റോഡ് ഷോകളുമായി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തുണ്ടായിരുന്നു. പല റാലികളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ജനങ്ങൾ തിങ്ങിക്കൂടിയ സാഹചര്യം സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു. തുടർന്ന് കോടതി തന്നെ ഇതിൽ ഇടപെടുകയായിരുന്നു. ഇതിന്റെ പശ്ചാതലത്തിൽ പിന്നീട് പ്രചാരണങ്ങൾ വെർച്വലിലേക്ക് മാറുകയായിരുന്നു.
ബംഗാളിൽ കൂറ്റൻ വിജയമാണ് തൃണമൂൽ കോൺഗ്രസ് സ്വന്തമാക്കിയത് 213 സീറ്റുകളിലായിരുന്നു തൃണമൂലിന്റെ വിജയം. 77 സീറ്റുകളിലായിരുന്നു ബിജെപിയുടെ ജയം.