ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വാങ്ങാൻ അവസരമൊരുങ്ങുന്നു. ഇതിനായി 1945-ലെ ഔഷധനിയന്ത്രണനിയമം ഭേദഗതി ചെയ്യുന്നതിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.
നിയമം പ്രാബല്യത്തിലായാൽ അംഗീകൃത മെഡിക്കൽ സ്റ്റോറുകളിൽനിന്നു ഈ മരുന്നുകൾ ആർക്കും വാങ്ങാം. പരമാവധി അഞ്ചുദിവസത്തേക്കുള്ള മരുന്നുകളേ ഇത്തരത്തിൽ വിൽക്കാനും വാങ്ങാനും കഴിയൂ. രോഗലക്ഷണങ്ങൾ തുടർന്നാൽ രോഗി ഡോക്ടറെ സമീപിക്കണം.
നിലവിലെ നിയമമനുസരിച്ച് നിർദിഷ്ട 16 മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ നിർദേശം നിർബന്ധമായിരുന്നു. എന്നാൽ, പല മരുന്നുകളും ഇപ്പോൾ മെഡിക്കൽസ്റ്റോറുകളിൽനിന്ന് ഡോക്ടറുടെ നിർദേശം ഇല്ലാതെതന്നെ ആളുകൾ വാങ്ങുന്നുണ്ട്.