മായം ചേർക്കാത്ത പോഷകാഹാരം നമ്മുടെ അവകാശം…ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആശങ്കയും ഭീതിയും നിറഞ്ഞു നിൽക്കുന്ന സാമുഹ്യ പശ്ചാത്തലത്തിലാണ് ഭക്ഷ്യ സുരക്ഷാ ദിനം കടന്നു വരുന്നത്.ഉദാത്തമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് 2018 ൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 7 ഭക്ഷ്യ സുരക്ഷാ ദിനമായി ആഗോളതലത്തിൽ തന്നെ ആചരിക്കാൻ തീരുമാനിച്ചത്.
ശുദ്ധമായ വായുവും വെള്ളവും പോലെ മനുഷ്യന്റെ അതിജീവനത്തിന്ന് അത്യന്താപേക്ഷിതമാണ് പോഷകാഹാരവും. മായം ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ തടയുന്നതിനായി കർശന നിയമങ്ങൾ ഉണ്ടെങ്കിലും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തേണ്ട വകുപ്പുകളും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരും കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് കാട്ടുന്നത്. അതിലേറെ ക്രൂരമാണ് ജനങ്ങളോട് പ്രതിബദ്ധത കാട്ടേണ്ട ഭരണാധികാരികളുടെ നിസ്സംഗ ഭാവം.
ദുരന്തമെന്നു പറയെട്ടെ , ആരോഗ്യ സുരക്ഷിതത്വത്തിൽ മാതൃകയെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ശുചിത്വമില്ലാത്തതും മായം ചേർത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച് കുട്ടികളും മുതിർന്നവരും അവശരായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നുവെന്ന വാർത്ത തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. കാസർഗോട് ജില്ലയിൽ ശുചിത്വമില്ലാത്ത ഭക്ഷണം കടയിൽ നിന്ന് കഴിച്ച് ദുരന്ത മരണമടഞ്ഞ ഹതഭാഗ്യയായ സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രവും നമ്മുടെ മുമ്പിലുണ്ട്. ജീവിത ശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളംമാറാനുള്ള കാരണവും പ്രധാനമായി മായം ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ തന്നെയാണ്. മെച്ചെപ്പെട്ട ആരോഗ്യത്തിന്ന് ശുചിത്വമുള്ള ഭക്ഷണം അനിവാര്യമാണ്. ഭക്ഷ്യപദാർത്ഥങ്ങളുമായി ബന്ധപ്പെട്ടു പ്രതി വർഷം പത്തു പേരിൽ ഒരാൾ രോഗ ബാധിതരാകുന്നു വെന്ന കണക്ക് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
നാം കഴിക്കുന്ന പച്ചക്കറി, പഴങ്ങൾ മത്സ്യം, മാംസം, പല വ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എല്ലാം മായം ചേർക്കലിന് വിധേയമാകുന്നു.ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഉപ്പ് തൊട്ട് കർപൂരം വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വിപണിയിലെത്തുന്നത് ഫോർമാലിൻ പോലുള്ള വിഷ പദാർഥങ്ങൾ ചേർത്ത മൽസ്യമാണ് മാർക്കറ്റിൽ നിന്ന് ലഭിക്കുന്നുവെന്ന സ്ഥിതി എത്രമാത്രം ആപൽകരമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മൽസ്യത്തിൽ മാത്രമല്ല ഫോർമാലിൻ ചേർക്കുന്നതു്. കീട നാശിനിയും രാസവളങ്ങളും ചേർത്ത് പച്ചക്കറിയും പഴങ്ങളും ഉല്പാദിപ്പിക്കുമ്പോഴും ഇത് തന്നെയാണ് സ്ഥിതി.
സുരക്ഷിതമായ ഭക്ഷണം ലഭിക്കണമെന്ന പൗരന്റെ അവകാശത്തിനായി നമുക്ക് അണിചേരാം. ലോകാരോഗ്യ സംഘടന ഓർമ്മിപ്പിക്കുന്നതുപോലെ സുരക്ഷിതമായ ഭക്ഷണം മെച്ചപ്പെട്ട ആരോഗ്യത്തിന്ന് സുപ്രധാനമാണെന്ന് നാം തിരിച്ചറിയുക. നമുക്കു വേണ്ടത് ജാഗ്രതയാണ്.