Latest News From Kannur

നാദാപുരത്ത് കുടുംബശ്രീ സംഘടിപ്പിച്ച ജൈവ പൈതൃക ഭക്ഷ്യ മേളയിൽ ഒന്നാം സ്ഥാനം നേടിയ ഏഴാം വാർഡ് ചിയ്യൂർ കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയിൽ നിന്ന് ക്യാഷ് അവാർഡ് ഏറ്റു വാങ്ങുന്നു

0

നാദാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ജൈവ പൈതൃക ഭക്ഷ്യമേള സംഘടിപ്പിച്ചു .പതിനഞ്ച് വാർഡുകളിൽ നിന്നായി 210 സ്ത്രീകളാണ് അന്യം നിന്നു പോയതും പ്രകൃതിയിൽനിന്ന് ലഭ്യമായതും ആരോഗ്യദായകവുമായ നൂറിൽപരം വിവിധതരം ഭക്ഷണ രുചിക്കൂട്ടുകൾ ഉണ്ടാക്കിയത് .വാർഡുകളിൽ നിന്നുള്ള മത്സരം ആയതിനാൽ ഓരോ വാർഡിൽ നിന്നും കൊണ്ടുവന്ന ഭക്ഷണവിഭവങ്ങൾ പ്രത്യേകമായാണ് അണിയിച്ചൊരുക്കിയത് .വിവിധ തരം ചമ്മന്തികൾ, ഉപ്പേരികൾ ,അച്ചാറുകൾ ,പായസം ,പുഴുക്കുകൾ ,അപ്പങ്ങൾ ,തോരനുകൾ ,അടകൾ ,വേവിച്ച ഭക്ഷണങ്ങൾ ,ഹൽവകൾ ,മിഠായികൾ ,ദോശകൾ . വറുത്ത വിഭവങ്ങൾ ,പോളകൾ ,പുട്ടുകൾ, സലാഡുകൾ എന്നിങ്ങനെയുള്ള ഭക്ഷണ വിഭവങ്ങളാണ് സ്ത്രീകൾ അണിയിച്ചൊരുക്കിയത് .ചക്ക, മാങ്ങ, ധാന്യങ്ങൾ ,വാഴ ,കിഴങ്ങ് വർഗങ്ങൾ ,മറ്റ് പ്രകൃതിയിൽ നിന്നും എളുപ്പം ചിലവില്ലാതെ ലഭിക്കുന്ന വിഭവങ്ങൾ ഉപോയോഗിച്ചാണ് ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയത്.
പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഭക്ഷ്യമേള പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു ,വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു ,ജൈവ പൈതൃക സന്ദേശം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് നൽകി ,സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ ,കുടുംബശ്രീ ചെയർപേഴ്സൺ പി പി റീജ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് എന്നിവർ സംസാരിച്ചു .അധ്യാപകനായ കെ റഷീദ്‌ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ അനില കുമാരി ,ഫാത്തിമ ,ഹരിത കേരള മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ കുഞ്ഞിരാമൻ എന്നിവർ ഭക്ഷണം രുചിച്ചു നോക്കി ,ശുചിത്വം ,പോഷക ഘടന ,വിവരണം നൽകിയ രീതി എന്നിവയിൽ പരിശോധന നടത്തി വിധി നിർണയം നടത്തി .മത്സരത്തിൽ ഒന്നാം സ്ഥാനം വാർഡ് ഏഴ് ചിയ്യൂർ 3000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി ,രണ്ടാം സ്ഥാനം വാർഡ് 22ന് 2000 രൂപയും ,മൂന്നാം സ്ഥാനം വാർഡ് 9ന് ആയിരം രൂപയും ക്യാഷ് അവാർഡ് നൽകി .പങ്കെടുത്തവരിൽ നിന്നും അഞ്ചുപേർക്ക് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ കളും മറ്റ് പങ്കെടുത്ത എല്ലാവർക്കും 500 രൂപയുടെ ക്യാഷ് അവാർഡും നൽകി .നാദാപുരം യുപി സ്കൂളിന് സമീപത്തുള്ള ഡേയിമ് ക്ലോത്ത് സ്റ്റോർ ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ,പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദാലി സമ്മാനങ്ങൾ വിതരണം ചെയ്തു .ജൈവ പൈതൃക ഭക്ഷ്യ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്ന വർക്ക് പ്രോത്സാഹനം നൽകുവാനും ,തുടർ പരിശീലനം നൽകി സബ്സിഡി നൽകുവാനും തീരുമാനിച്ചു . മേളയിൽ അവതരിപ്പിച്ച മികച്ച ഇനം വിഭവങ്ങളുടെ തയ്യാറാക്കുന്ന രീതി പുസ്തക രൂപത്തിൽ തയ്യാറാക്കി നൽകുന്നതാണ് .പാചക കലയുടെ വൈഭവം ചാലിച്ചു ഒഴുക്കിയാണ് നാദാപുരത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പൈതൃക ഭക്ഷ്യമേള അരങ്ങേറിയത് ,തുടർന്നും ഭക്ഷ്യ വിപണന മേളകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു

Leave A Reply

Your email address will not be published.