പാചകം ഒരു കലയാണ് കൈപ്പുണ്യവും ഒപ്പം ദൈവത്തിൻറെ വരദാനമായും വേണം കാണാൻ.
പോയകാലങ്ങളിൽ പാചകം ഒരു രണ്ടാംതരം ജോലിയായിരുന്നു .അടുക്കളക്കാരി എന്ന തസ്ഥികതന്നെ താഴ്ന്ന നിലയിൽ . എന്നാൽ ഇന്ന് കഥയാകെ മാറി .
അഭ്യസസ്ഥവിദ്യരും ഉന്നതകുലജാതരും പരിഷ്ക്കാരികളുമായ പ്രൗഢാംഗനകളും യുവതികളുമടക്കം സമൂഹമാധ്യമങ്ങളിൽവരെ ഇലയിട്ട് വിളമ്പുന്ന വൈവിധ്യസമ്പൂർണ്ണമായ രസക്കൂട്ടുകളിൽ തൊട്ടുനുണയാൻ മൊബൈൽ ഫോൺ സ്‌ക്രീനിൽ വിരലനക്കുന്നവരാണ് നമ്മിലേറെപ്പേരും .
പുരുഷ പാചകകേസരികളുടെ മികവുറ്റ വൈദഗ്ധ്യത്തെ അഥവാ രുചിപ്പെരുമയെ അംഗീകരിക്കുന്ന അഥവാ ആദരിക്കുന്ന പദപ്രയോഗമായ നളപാചകം മയ്യഴിയിലെ അമ്പുക്കൻ സുന്ദരന് സ്വന്തം എന്ന നിലയിലാണ് മയ്യഴിയിൽ നിന്നുമുള്ള സമീപകാല വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് ‘
തന്റെ മുന്നിലെത്തുന്നവരെ രുചിയുടെ മായികവലയത്തിലെത്തിക്കുന്നതിൽ എതിരഭിപ്രായമില്ലാത്തനിലയിൽ ഏറെക്കാലമായി മയ്യഴിക്കാരുടെ മനസ്സിലിടംപിടിച്ച അമ്പുക്കൻ കളത്തിൽ സുന്ദരൻറെ കർമ്മമണ്ഡലം മാഹി സിവിൽസ്റ്റേഷൻ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പി ടി ഡി സി യുടെ സീഗൾ എന്ന ഭക്ഷണ ശാലയിലെ പാചകക്കാരൻ എന്ന നിലയിൽ .
എത്രയോ വർഷങ്ങളായി മാഹി സിവിൽസ്റ്റേഷനിലെ ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാർക്കും ഇവിടെയെത്തുന്ന എണ്ണമറ്റ നാട്ടുകാരുടെയും നാവിലെ രസമുകുളങ്ങളെ രുചിയുടെ മായക്കാഴ്ചകളിലെത്തിക്കുന്ന
പാചകലയുടെ മാന്ത്രികവിദ്യ സുന്ദരൻ കുഞ്ഞുന്നാളിലേ സ്വായത്തമാക്കിയത് അച്ഛനായ അമ്പുക്കാൻ കുങ്കു അച്ഛനിൽ നിന്ന് .
ഇദ്ദേഹത്തിൻറെ അച്ഛന്റെ ജ്യേഷ്ട്ടനായിരുന്നു അമ്പുക്കൻ ചാത്തു .മാഹിപ്പാലത്തിനപ്പുറം ഇന്നത്തെ മീൻ മാർക്കറ്റിന് എതിർ ഭാഗത്ത് ഒറ്റപ്പെട്ട ഒരു ചെറിയ കെട്ടിടത്തിൽ അമ്പുക്കാൻ ചാത്തു എന്ന ആൾ നടത്തിയ ചായക്കടയിൽ കുട്ടിക്കാലത്ത് ചായകഴിച്ച ഓർമ്മ എനിക്കുണ്ട് .അറുപത്തിയഞ്ചിലധികം കൊല്ലങ്ങൾക്കും മുൻപ് .ആ ഭാഗത്ത് ഇന്നുകാണുന്ന ഒരുകെട്ടിടങ്ങളും അന്നില്ലായിരുന്നു . കടൽത്തൊഴിലാളികൾ അധികംപേരും ഇവിടെ ചായകഴിക്കാനെത്തും ,മണലൂറ്റുന്നവരും മറ്റും .പീടികയുടെ തെക്കുഭാഗം നോക്കിയാൽ മറയില്ലാതെ പരന്നൊഴുകുന്ന മയ്യഴിപ്പുഴകാണാം.
മാഹി റെയിൽവേസ്റ്റേഷൻ റോഡിൽ പഴയ മാഹി ടാക്കീസിനടുത്തായിരുന്നു സുന്ദരന്റെ അച്ഛൻ കുങ്കു അച്ഛന്റെ നാടൻ ചായക്കട .
ഏകദേശം അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് മാഹിയിൽ സിനിമകാണാൻ പോയപ്പോൾ എന്റെ അച്ഛനൊപ്പം ഈ ചായക്കടയിൽ നിന്നും ചായയും മുന്തിരി വെച്ച ബണ്ണും കഴിച്ചഓർമ്മയും ഞാൻ മറന്നിട്ടില്ല.
ആ കാലത്ത് റോഡിനരികിൽ വയലും ചെളിക്കെട്ടുള്ള കുഴികളുമായിരുന്നു .ചായക്കടക്കടുത്ത് ചില തൊടികളിൽ മരച്ചീനി നട്ടുവളർത്തിയുമിരുന്നു.
ഇന്ന് കാണുന്ന പകിട്ടും പത്രാസുമുള്ള വീടുകളോ കെട്ടിടങ്ങളോ പീടിക മുറികളോ ആ ചുറ്റുപാടിൽ മാഹിയിൽ കണ്ടതായും ഞാൻ ഓർക്കുന്നില്ല.
ഒരുനാടൻ ഗ്രാമത്തിൻറെ ശാലീനത തളംകെട്ടിയ ചുറ്റുപാട് .
കൊതിയൂറുന്ന മലബാർ വിഭവങ്ങളുടെ പറുദീസയായ തലശ്ശേരിക്ക് ദം ബിരിയാണിക്കും കേക്കിനും കടൽ കടന്ന പ്രശസ്‌തി ഇന്നും നിലനിൽക്കുന്നുമുണ്ട് .
തലശ്ശേരിയോട്ചേർന്ന മയ്യഴിയിൽ സുന്ദരന്റെ വെജിറ്റേറിയൻ ഊണും ഉള്ളിവടയും ഉഴുന്നുവടയും ഇലയടയും സ്‌പെഷ്യൽ പഴംപൊരിയുമെല്ലാം സുന്ദരനെന്ന പാചകക്കാരൻറെ കൈപ്പുണ്യത്തിൽ ജനപ്രിയമായ വിഭവങ്ങൾ .
ഓഫിസ് വിട്ട് വീട്ടിൽ പോകുന്ന പലരുടെയും ബാഗുകളിൽ സുന്ദരന്റെ കടയിലെ ഭക്ഷണപ്പൊതി പതിവ് .
മായങ്ങളുടെ മായാലോകത്തിലൂടെ കടന്നുപോകുന്ന നമ്മളുടെ ദൈനംദിനജീവിതത്തിൽ മനുഷ്യന്റെ ജന്മാവകാശമായ ശുദ്ധമായ ഭക്ഷണംപോലും ശുദ്ധമല്ലെന്നുറപ്പ് .
ഈ നിലയിലും ശുദ്ധമായ നാടൻ വെളിച്ചെണ്ണയിലാണ് അദ്ദേഹത്തിന്റെ പാചകം .ഒരിക്കൽ തിളപ്പിച്ച എണ്ണ വീണ്ടുമുപയോഗിക്കില്ലെന്നുമറിയുന്നു .
സീഗൽ എന്ന സുന്ദരന്റെ ഭക്ഷണശാലയിൽ എത്തുന്ന മയ്യഴിക്കാർക്കും പോണ്ടിച്ചേരിയിൽ നിന്നും മാഹിയിലേയ്ക്ക് സ്ഥലം മാറിയെത്തുന്ന തമിഴർക്കും ഇവിടുത്തെ ഭക്ഷണം അങ്ങേയറ്റം സ്വീകാര്യാമാണെന്നതിന്റെ തെളിവാണ് സർവ്വീസിൽ നിന്നും വിരമിച്ച സുന്ദരനെ ഇതേ സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരനായി പുനർനിയമനം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത് .
ജനകീയകൂട്ടായ്മയിൽ പി ടി ഡി സി അധികൃതർക്ക് നിവേദനങ്ങൾ സമർപ്പിച്ചതായും അറിയുന്നു .
സൗമ്യനും മിതഭാഷിയും ജനപ്രിയനുമായ സുന്ദരൻ ചെറിയ ദൂരങ്ങളെല്ലാം കാൽനടയായി സഞ്ചരിക്കുന്നതിൽ സുഖവും സന്തോഷകണ്ടെത്തുന്ന വേറിട്ട പ്രകൃതം .
തികച്ചും ലാഭകരമായി പ്രവർത്തിക്കുന്ന മയ്യഴിക്കാരുടെ പ്രിയങ്കരമായ ഈ ജനകീയഭക്ഷണശാലയിൽ സുന്ദരന്റെ പാചകത്തിലെ സൂക്ഷ്‌മതയും കൃത്യതയും ശുദ്ധിയും വെടിപ്പും ഇനിയും അനുഭവിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് മയ്യഴിയിലെ നാട്ടുകാർ ,സിവിൽ സ്റ്റേഷനിലെ ജീവനക്കാർ .മായം ചേർത്തും പഴകിയ ഭക്ഷണസാധനങ്ങൾക്ക് കൃത്രിമ നിറവും മണവും നൽകി വെടിപ്പും വൃത്തിയുമില്ലാത്ത ചുറ്റുപാടിൽ പാചകം ചെയ്ത് വിലകൂടിയ പ്ളേറ്റിൽ വിളമ്പുന്ന ശീതീകരിച്ച ഭക്ഷണശാലകൾ ഏറെയുള്ള നമ്മുടെ നാട്ടിൽ നന്മയെ പ്രണയിക്കാൻ നാട്ടുകൂട്ടമുണ്ടെന്ന തെളിവല്ലേ സുന്ദരനെ തിരിച്ചെടുക്കാൻ നൽകിയ ഈ നിവേദനം
Sign in
Sign in
Recover your password.
A password will be e-mailed to you.