കൂട്ട ബലാത്സംഗം നടന്നത് നേതാവിന്റെ കാറില്‍? ഒരു പ്രതി കൂടി പിടിയില്‍, മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്തവര്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒമര്‍ ഖാന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ സദുദ്ദിന്‍ മാലിക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശേഷിച്ച മൂന്നു പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയായ പെണ്‍കുട്ടി കാറിനുള്ളില്‍ വച്ച് ബലാത്സംഗത്തിനിരയായത്. എംഎല്‍എയുടെ കാറിനുള്ളില്‍ വച്ചാണ് കുറ്റകൃത്യം നടന്നത് എന്നാണ് വിവരം. ചുവന്ന മെഴ്‌സിഡസ് കാര്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നോവ കാറിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ പബില്‍ വച്ച് പെണ്‍കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത സംഘം ജൂബിലി ഹില്‍സ് പരിസരത്തു വച്ച് കാര്‍ നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഭരണകക്ഷിയായ ടിആര്‍എസിലെ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് കാറിന്റെ ഉടമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ മകനാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.