തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെപിസിസി ഇന്ന് വിജയദിനമായി ആഘോഷിക്കും. റാലികള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ജയം ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
തൃക്കാക്കരയില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസിന്റെ വിജയം. 25,016 വോട്ടുകളുടെ ഭൂരിപക്ഷം. ബെന്നിബെഹനാന്‍ 2011 ല്‍ നേടിയ 22,406 വോട്ടുകളുടെ ഭൂരിപക്ഷമെന്ന റെക്കോഡ് പഴങ്കഥയാക്കിയാണ് ഉമയുടെ തിളക്കമാര്‍ന്ന വിജയം.
തൃക്കാക്കരയിലെ 239 ബൂത്തുകളിൽ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചത് 22 ബൂത്തുകളിൽ മാത്രമാണ്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ 10 ബൂത്തുകളിലും, തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 12 ബൂത്തുകളിലുമാണ് എൽഡിഎഫിന് ലീഡ് കിട്ടിയത് ജോ ജോസഫിന്റെ സ്വന്തം ബൂത്തിൽ 54 വോട്ടിനു ഇടത് മുന്നണിക്ക് ലീഡ് കിട്ടി.
ഒന്നാമത് മുന്‍മന്ത്രി കെ കെ ശൈലജ
കാല്‍ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിലവിലെ നിയമസഭയിലേക്ക് വിജയിച്ചവരുടെ പട്ടികയില്‍ ഉമാ തോമസും ഇടംപിടിച്ചു. 32 പേരാണ് 25,000 ലേറെ വോട്ടുകള്‍ക്ക് വിജയിച്ചത്. ഇതില്‍ ഒന്നാമത് മുന്‍മന്ത്രി കെ കെ ശൈലജയാണ്. 60,963 ആണ് ശൈലജയുടെ ഭൂരിപക്ഷം.
തൊട്ടു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള പിണറായി വിജയന് 50,123 വോട്ടാണ് ഭൂരിപക്ഷം. പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ ടി ഐ മധുസൂദനന്‍ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മൂന്നാമതുണ്ട്.