ന്യൂമാഹി: ദേശീയ പാതയോരത്ത് അനധികൃതമായി കച്ചവടം നടത്താനുള്ള നീക്കത്തിൻ്റെ ഭാഗമായി ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് അധികൃതർ തടഞ്ഞു. പുന്നോൽ കുറിച്ചിയിൽ വനിത കോ-ഓപ്പറേറ്റീ
വ് സൊസൈറ്റിക്ക് സമീപം നടക്കുന്ന നിർമ്മാണമാണ് അധികൃതർ തടഞ്ഞത്. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയിത്തു, വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സെക്രട്ടറി ലസിത, അസി.സെക്രട്ടറി അരുൺ ജിതേഷ് എന്നിവർ സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രവൃത്തി തടഞ്ഞത്. തീരദേശ നിയമം നിലവിലുള്ള ദേശീയ പാതയോരത്ത് ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നും അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. അനധികൃത കച്ചവടങ്ങൾക്കെതിരെയുള്ള നടപടികൾ സംബന്ധിച്ച്
ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണ സമിതിയും ഏകകണ്ഠേനയാണ് തീരുമാനമെടുത്തത്.