ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ, നടി രേവതി; സംവിധായകൻ ദീലീഷ് പോത്തൻ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
തിരുവനന്തപുരം; 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജി സിനിമയ്ക്ക് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ആർക്കറിയാം സിനിമയിലെ പ്രകടനത്തിലാണ് ബിജു മേനോനെ മികച്ച നടനായി തെരഞ്ഞെടുത്തത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് ജോജു അവാർഡിന് അർഹനായത്. ഭൂതകാലം സിനിമയിലൂടെയാണ് രേവതിക്ക് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഫ്രീഡം ഫൈറ്റ് സിനിമയ്ക്കായി ജിയോ ബേബി പ്രത്യേക ജൂറി പുരസ്കാരം നേടി. ട്രാൻജെൻഡർ സ്ത്രീ വിഭാഗത്തിനുള്ള പരസ്കാരം ട്രാൻസ്ജെൻഡർ നേഘ എസ് (അന്തരം) നേടി.
സഹിൽ രവീന്ദ്രൻ സംവിധാനം ചെയ്ത കാടകം ആണ് മികച്ച കുട്ടികളുടെ ചിത്രമായത്. മികച്ച രണ്ടാമത്ത ചിത്രങ്ങളായി നിഷിദോ (താര രാമാനുജൻ), ചവിട്ട്( ഷിനോസ് റഹ്മാൻ) എന്നീ ചിത്രങ്ങളെ തെരഞ്ഞെടുത്തു. ജോജിയിലെ അഭിനയത്തിന് ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവനടിയും കളയിലെ അഭിനയത്തിന് സുമേഷ് മൂർ മികച്ച സ്വഭാവ നടനുമായി. മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) ശ്യാം പ്രസാദ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയെ ജനപ്രിയ സിനിമയായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൾ വഹാബാണ് മികച്ച സംഗീത സംവിധായകൻ. സിത്താര കൃഷ്ണകുമാർ മികച്ച ഗായികയും (പാൽനിലാലിൽ പൊയ്കയിൽ- കാണെകാണെ) പ്രദീപ് കുമാർ മികച്ച ഗായകനുമായി (രാവിൽ മയങ്ങുമീ- മിന്നൽമുരളി) തെരഞ്ഞെടുക്കപ്പെട്ടു. ജോജി സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീത സംവിധായകനായി.