പാലക്കാട്: പാലക്കാട് സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്. സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ലോഡ്ജില്‍ വച്ച് ഉത്തമന്‍ സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ചായയ്ക്ക് മധുരം കുറഞ്ഞുപോയെന്ന പേരില്‍ നാലുദിവസം മുന്‍പ് ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കു കൂടിയതായി പൊലീസ് പറയുന്നു. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഇരുവരും ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും വീണ്ടും വഴക്കു കൂടുകയായിരുന്നു. തന്റെ തൊഴിലുമായി ബന്ധപ്പെട്ട് കളിയാക്കിയതാണ് ഉത്തമന്റെ പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.