ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വ്യാജമദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനും കേരള ഗവര്‍ണര്‍ക്കുമാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിര്‍ദേശം. മണിച്ചന്റെ മോചനത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ പേരറിവാളനെ വിട്ടയച്ച് കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും സുപ്രീംകോടതി സൂചിപ്പിച്ചു. പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളിന്മേല്‍ ഗവര്‍ണര്‍മാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.
ഇത് സൂചിപ്പിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്, നിലവില്‍ മണിച്ചനെ മോചിപ്പിക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉത്തരവ് ഒന്നും പുറപ്പെടുവിക്കുന്നില്ല എന്നും വ്യക്തമാക്കി. പകരം സംസ്ഥാന സര്‍ക്കാരിന് തീരുമാനം വിടുകയാണെന്നും നാലാഴ്ചയ്ക്കകം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശം ഫലത്തില്‍ ഗവര്‍ണര്‍ക്കും ബാധകമാണ് എന്നാണ് റിപ്പോര്‍ട്ട്.