Latest News From Kannur

‘ഹിന്ദി’യില്‍ അമിത് ഷായെ തള്ളി മോദി, ‘എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനം’

0

ജയ്പുര്‍: എല്ലാ ഭാഷയെയും ബിജെപി ആദരവോടെയാണ്  കാണുന്നതെന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാഷ, സാംസ്‌കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരില്‍ നടക്കുന്ന ബിജെപി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലിഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത്.

വന്‍വിജയം നേടിയെങ്കിലും ബിജെപി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാറായിട്ടില്ല. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വര്‍ഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുള്ള സമയമാണിത്’- മോദി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പാര്‍ട്ടി മേധാവികള്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Leave A Reply

Your email address will not be published.