ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമനിർമ്മാണ സഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം മേയ് 26, 27 തീയതികളിൽ കേരള നിയമസഭയിൽ നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 26ന് ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പെഴ്‌സ് ലോഞ്ചിൽ ദേശീയ വനിതാ സാമാജികരുടെ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽതന്നെ ആദ്യമായാണ് ദേശീയ തലത്തിൽ വനിതാ സാമാജികരുടെ ഒരു കോൺഫറൻസ് ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നതെന്ന് സ്പീക്കർ എം.ബി.രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ നാലു സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.
ഇന്ത്യൻ പാർലമെന്റിലെ ഇരുസഭസഭകളിലെയും വനിതകളായ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പാർലമെന്റംഗങ്ങളും വിവിധ സംസ്ഥാന നിയമസഭകളിലെ വനിതാ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, വനിതാ മന്ത്രിമാർ, സാമാജികർ എന്നിവരാണ് കോൺഫറൻസിൽ പങ്കെടുക്കുക. രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, മാധ്യമ രംഗത്തെയും ജുഡൂഷ്യറിയെയും പ്രതിനിധീകരിക്കുന്ന പ്രമുഖ വനിതകൾ കോൺഫറൻസിലെ വിവിധ സെഷനുകളിൽ പങ്കെടുക്കും.
കോൺസ്റ്റിറ്റിയൂഷൻ ആൻഡ് വിമൻ റൈറ്റ്‌സ് എന്ന ആദ്യ സെഷനിൽ ഗുജറാത്ത് നിയമസഭ സ്പീക്കർ നിമാബെൻ ആചാര്യ, ലോക്‌സഭ അംഗം കനിമൊഴി കരുണാനിധി, മുൻ ലോക്‌സഭ സ്പീക്കർ മീരാ കുമാർ, മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കും.