ആളൂർ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് ഒളിമ്പ്യൻ മയൂഖ ജോണി
തൃശൂർ: ആളൂർ പീഡന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഒളിമ്ബ്യൻ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുമെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജൂൺ 28നാണ് സുഹൃത്ത് ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി ഒളിമ്ബ്യൻ മയൂഖ ജോണി രംഗത്തു വന്നത്. 2016 ജൂലൈ ഒമ്ബതിനാണ് ചാലക്കുടി സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്‌ന വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അയാൾ നഗ്‌ന വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നു. 2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ.
തുടർന്ന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും മയൂഖക്കറിയുമെന്നും തെളിവുകളുണ്ടെന്നും പെൺകുട്ടി പ്രതിയോട് പറഞ്ഞു. തുടർന്ന് 2018ൽ ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ തന്നെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി മയൂഖ പറഞ്ഞു. 2020ൽ പ്രതി ഇരയുടെ താമസസ്ഥലത്ത് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം 2021 മാർച്ചിൽ തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിക്ക് പരാതി നൽകി. ചാലക്കുടി മജിസ്ട്രേറ്റ് മുമ്ബാകെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്ന് മയൂഖ പറഞ്ഞു.
വനിത കമീഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ എം.സി. ജോസഫൈൻ പ്രതിക്കുവേണ്ടി ഇടപെട്ടതായി വിവരം ലഭിച്ചു. കേസെടുക്കരുതെന്ന് പൊലീസിന് അവർ നിർദേശം നൽകിയിരുന്നതായും മയൂഖ പറയുന്നു. പ്രതിക്കുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിലെ ഒരുമന്ത്രിയും ഇടപെട്ടിരുന്നു. ഒരു ബിഷപ്പിൻറെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുള്ള പ്രതി സ്വതന്ത്രനായി നടക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൻറെ അടിസ്ഥാനത്തിൽ പിറ്റേന്നുതന്നെ സി.ഐ തൻറെ മൊഴിയെടുത്തു. എന്നാൽ, തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പിന്നീടറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണും സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മയൂഖ ആവശ്യപ്പെട്ടിരുന്നു.
വെളിപ്പെടുത്തലിന് പിന്നാലെ മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിൻറെ മുൻ ട്രസ്റ്റി സാബുവിൻറെ പരാതിയിൽ മയൂഖ ഉൾപ്പെടെ 10 പേർക്കെതിരെ ആളൂർ പൊലീസ് അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്തു. പീഡനക്കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചതായും ഇത് അപകീർത്തികരമാണെന്നും സാബു പരാതിയിൽ പറഞ്ഞിരുന്നു.