ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്ക് ആംബുലൻസിൽ ഇരിക്കുന്ന രോഗിയെ മോണിറ്ററിൽ കാണാനും ചികിത്സ നൽകാനും കഴിയും; സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി; വില 48 ലക്ഷം
മൂന്നാർ: ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്ക് ആംബുലൻസിൽ ഇരിക്കുന്ന രോഗിയെ മോണിറ്ററിൽ കാണാനും ചികിത്സ നൽകാനും കഴിയുന്ന സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി മൂന്നാറിൽ ഓട്ടം തുടങ്ങി. ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂനിറ്റിലെ എല്ലാ സൗകര്യങ്ങളും ഈ ആംബുലൻസിൽ ഒരുക്കിയിട്ടുണ്ട്.
ടാറ്റാ ജനറൽ ആശുപത്രിയാണ് 48 ലക്ഷം രൂപ ചെലവിട്ട് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആംബുലൻസിൽ വിദഗ്ധചികിത്സയ്ക്കു കൊണ്ടുപോകുന്ന അത്യാസന്ന നിലയിലുള്ള രോഗിക്ക് അതിൽ ഡോക്ടറുടെ സാന്നിധ്യം ഇല്ലാതെ തന്നെ ആശുപത്രിയിലിരുന്ന് ഡോക്ടർക്കു രോഗിയെക്കണ്ട് വിലയിരുത്തി അപ്പപ്പോൾ ചികിത്സ നൽകാനുള്ള എല്ലാ സംവിധാനങ്ങളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.
വെന്റിലേറ്ററും പേസ്മേകറും മോണിറ്ററും ഘടിപ്പിച്ചിട്ടുള്ള ഇതിലെ രോഗിയുടെ ആരോഗ്യസ്ഥിതി ആശുപത്രി ഐസിയുവിൽ എന്ന പോലെ വിലയിരുത്താനും ചികിത്സ നിർദേശിക്കാനും ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർക്കു കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
കണ്ണൻ ദേവൻ കമ്ബനിയിലെ തൊഴിലാളികൾകൊപ്പം പൊതുജനങ്ങൾക്കും ഈ മിനി ബെഡ് ഐസിയുവിന്റെ സേവനം വിട്ടുനൽകുമെന്ന് ടാറ്റാ ആശുപത്രി ഡയറക്ടർ ഡോ. ഡേവിഡ് ജെ ചെല്ലി പറഞ്ഞു.