Latest News From Kannur

രക്തദാനത്തിൽ സെഞ്ച്വറി തികച്ച് സുഗീഷ് പുല്ലോടി

0

തലശ്ശേരി : രക്തദാന രംഗത്ത് നൂറ് തികച്ച സുഗീഷ് പുല്ലോടിയെ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ ആദരിച്ചു. മലബാർ കാൻസർ സെന്റർ പീഡിയാട്രിക് ബ്ലോക്കിൽ നടന്ന പരിപാടി ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹിയുടെ അദ്ധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരനും, മുൻ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്വന്തം കാര്യങ്ങളേക്കാൾ അപരന്റെ കണ്ണീരൊപ്പാൻ പ്രവർത്തിക്കുന്ന സുഗീഷിനെ പോലുള്ള നന്മവറ്റാത്ത മനുഷ്യർ ഈ നാടിന് നൽകുന്ന ഊർജത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുഖ്യാതിഥിയായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ : അനിത പങ്കെടുത്തു. ബി ഡി കെ സംസ്ഥാന സെക്രട്ടറി സജിത് വി. പി. ആദരസമർപ്പണവും സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ചാലാട് മുഖ്യ ഭാഷണം നടത്തി. ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, സുഗീഷിന്റെ നാട്ടുകാരായ കരുണൻ മാസ്റ്റർ, ജയേന്ദ്രൻ, ബി ഡി കെ മീഡിയാ കോർഡിനേറ്റർ മജീഷ് ടി തപസ്യ എന്നിവർ ആശംസകൾ നേർന്നു.
രക്തദാന രംഗത്ത് വന്നതിനെക്കുറിച്ചും, രക്തദാനം നടത്തുന്നതിന്റെ എണ്ണവും സർട്ടിഫിക്കറ്റും സൂക്ഷിക്കുന്നത് മറ്റുള്ളവർക്കു കൂടി പ്രചോദനമേകാനാണെന്ന് മറുപടി പ്രസംഗത്തിൽ സുഗീഷ് പുല്ലോടി പറഞ്ഞു. സുഗീഷ്ന്റെ ഭാര്യയും ഡോണറുമായ പി. എം. റോഷി അനുഭവങ്ങൾ പങ്കുവച്ചു.
ജയീഷ് മാഹി എം ആർ എ മധുരവിതരണം ചെയ്തു. താലൂക്ക് സ്ക്രട്ടറി ഷംസീർ പാരിയാട്ട് സ്വാഗതവും താലൂക്ക് കേശദാന കോർഡിനേറ്റർ ഒ. പി. പ്രശാന്ത് മാഹി നന്ദിയും പറഞ്ഞു. തുടർന്ന് SDP ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന് പ്രമോദ് പൊന്ന്യം, എം സി സി സ്റ്റാഫുകളായ സതീഷ്, സജീഷ് എന്നിവർ നേതൃത്വം നൽകി. ബി ഡി കെ തലശ്ശേരി താലുക്ക് ജോ:സിക്രട്ടറിയും കോർഡിനേറ്ററുമാണ് സുഗീഷ് പുല്ലോടി.

Leave A Reply

Your email address will not be published.