ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റു?; തെളിവെടുപ്പിനായി എസ്‌ഐടി ബംഗളൂരുവിലേക്ക്
തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണം ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിപണി വിലയ്ക്ക് വിറ്റതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും ബാക്കി വന്ന 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റു കാശാക്കിയത്. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനാണ് പോറ്റി സ്വര്‍ണം വിറ്റത്.
ഗോവര്‍ധനുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ശബരിമലയിലെ ശാന്തി എന്നു പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനെ കബളിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി കല്‍പേഷ് എന്നയാളാണ് സ്വര്‍ണം വാങ്ങിയതെന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ അറിയിച്ചിരുന്നു. ഇയാളെക്കുറിച്ചും എസ്‌ഐടിക്ക് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ശബരിമലയില്‍ വിജയ് മല്യ 24 കാരറ്റ് സ്വര്‍ണമാണ് പൊതിഞ്ഞത്. 2019 ല്‍ ഇതാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് വേര്‍തിരിച്ചെടുത്തത്. 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. അതില്‍ നിന്നും 109 ഗ്രാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി വാങ്ങിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വില്‍പ്പന നടത്തിയ സ്വര്‍ണം കണ്ടെടുക്കുകയാണ് എസ്‌ഐടിയുടെ അടുത്ത ദൗത്യം. അതോടൊപ്പം സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈപ്പറ്റിയ സ്വര്‍ണവും വീണ്ടെടുക്കേണ്ടതുണ്ട്. തെളിവെടുപ്പിനായി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയി. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചും തെളിവെടുക്കും. കേസില്‍ പ്രതിപട്ടികയിലുള്ള കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ദ്വാരപാല ശില്‍പ്പ പാളികളിലെ സ്വര്‍ണം കടത്തിയതില്‍ 10 പ്രതികളാണുള്ളത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് നടന്നിട്ടുള്ളത്.