മാഹി : തർക്കത്തിനു കാരണം അനുരജ്ഞന ചർച്ചയിലുണ്ടായ പാകപ്പിഴയാണ്.
അനുരജ്ഞനം ബസ്സ് പ്രതിനിധികൾ അറിയാതെ.
മാഹി റെയിൽവേ സ്റ്റേഷനിൽ ബസ്സ് പാർക്കു ചെയ്യുന്നത് വീണ്ടും തർക്കത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം മാഹിയിൽ നടന്ന അനുരജ്ഞന ചർച്ച പി.ആർ.ടി.സി, സഹകരണ ബസ്സ് പ്രതിനിധികളെ വിളിക്കാതെയെന്ന് ആരോപണം.
മാസങ്ങളായി ഓട്ടോ തൊഴിലാളികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് പിന്നീട് അതിർത്തി പ്രശ്നത്തിലേക്കു വരെ എത്തിച്ചേർന്നത്.
എന്നാൽ പ്രശ്‌ന പരിഹാരത്തിനായി മയ്യഴി ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ മാഹി – ചോമ്പാൽ പോലീസ്, മാഹി – വടകര ആർ.ടി.ഒ, ഓട്ടോ പ്രതിനിധികൾ എന്നിവർ ചേർന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്നും തങ്ങളുമായി ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും ബസ്സ് പ്രതിനിധികൾ ആരോപിച്ചു.
മാഹി ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ന് കാലത്തു മുതൽ എല്ലാ ബസ്സുകളും സമയക്രമം പാലിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് സർവ്വീസ് നടത്തിയത്. എന്നാൽ കാലത്ത് എത്തിയ ബസ് ജീവനക്കാർക്കു നേരെ ഓട്ടോ ഡ്രൈവർമാർ തട്ടികയറുകയാണുണ്ടായത്.
ബസ്സ് എഞ്ചിൻ ഓഫ് ചെയ്യരുതെന്നും ഒന്നിൽ കൂടുതൽ ബസ്സുകൾ 20 മിനുട്ടിനുള്ളിൽ ഇവിടേക്ക് വരരുതെന്നും സ്റ്റേഷൻ പരിസരത്തു പോലും നിർത്തിയിടരുതെന്നും പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ പ്രശ്നത്തിന് വീണ്ടും തുടക്കം കുറിച്ചത്.
തുടർന്ന് എത്തിയ ചോമ്പാൽ പോലീസും ബസ് ജീവനക്കാരോട് ബസ്സുകൾ അതിർത്തിക്കപ്പുറം നിർത്തിയിടാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് ബസ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ തങ്ങളെ അറിയിക്കാതെ പോലീസും ആ.ർ.ടിഒയും ഓട്ടോക്കാരും ചേർന്ന് എടുത്ത ഒത്തുതീർപ്പ് രീതി ന്യായത്തിനു പോലും നിരക്കാത്തതാണെന്നും ആയതിനാൽ അതിർത്തിക്കപ്പുറം പോയി അടിപിടിയുണ്ടാക്കി ജോലി ചെയ്യാൻ തങ്ങൾക്കാവില്ലെന്നും തങ്ങൾക്കും കുടുംബം ഉണ്ടെന്നും ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞ് എല്ലാ ബസ്സുകളും വീണ്ടും റെയിൽവേ. സ്റ്റേഷനിൽ പോവാതെ അതിർത്തിയിൽ ഓട്ടം നിർത്താൻ തീരുമാനിക്കയാണുണ്ടായത്.
ഒരു പ്രശ്‌നം പരിഹരിക്കുമ്പോൾ ഒരു വിഭാഗത്തെ ഒഴിവാക്കിയ ഭരണാധികാരികളുടെ തെറ്റായ രീതിയാണ് വീണ്ടും പ്രശ്നത്തിന് വഴി വെച്ചതെന്ന ആരോപണം ഉയർന്നിരിക്കയാണ്.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിനു ശേഷം ഓട്ടോകൾക്കും ബസ്സുകൾക്കും യാത്രക്കാരുടെ വാഹനങ്ങൾക്കും പാർക്കു ചെയ്യാൻ റെയിൽവേ പ്രത്യേകം പ്രത്യേകം പാർക്കിംങ്ങ് സംവിധാനം ഏർപ്പെടുത്തിയിരിക്കെയാണ് അധികാരികളുടെ ഇത്തരം വിചിത്രമായ വാദങ്ങൾ ഉയരുന്നത്.