Latest News From Kannur

പിടിച്ചെടുത്തത് ആയിരം കിലോ മത്തികുഞ്ഞുങ്ങളെ തീരങ്ങളില്‍ ചെറുമീനുകളുടെ കൂട്ടക്കുരുതി

0

ജില്ലയില്‍ വളർച്ചയെത്താത്ത ചെറുമീനുകളെ പിടിച്ച്‌ വില്‍പന നടത്തുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആയിക്കര, തലശേരി കടപ്പുറത്തു നിന്നും ആയിരത്തിലധികം കിലോഗ്രാം ചെറുമത്തിയാണ് പിടികൂടിയത്. ഫിഷറീസ് വകുപ്പ് പൊലീസ് മറൈൻ എൻഫോഴ്സ്മെന്റ് സഹായത്തോടെയാണ് പരിശോധന നടത്തിയത്.

കടലില്‍ നിന്ന് പത്ത് സെന്റീമീറ്ററില്‍ കുറവ് വളർച്ചയുള്ള മത്സ്യങ്ങള്‍ പിടിക്കരുതെന്നാണ് നിയമം. ഇത് വില്‍ക്കുന്നതും ശിക്ഷാർഹമാണ്. ഈ വിഭാഗത്തില്‍ പെട്ട 1000 കിലോ മത്സ്യമാണ് ഇന്നലെ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിലുള്ള മീനുകളെ പിടികൂടുന്ന വള്ളങ്ങള്‍ അധികൃതർ പിടിച്ചെടുക്കുന്നുണ്ട്. പിടിച്ചെടുത്ത മത്സ്യങ്ങളെ അധികൃതർ കടലില്‍ ഒഴുക്കി വിടുകയും പിഴ ഈടാക്കുകയുമാണ്. ഇന്നലെ മാത്രം 30 വള്ളങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയും നിയമനടപടികളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പും.

30 വള്ളങ്ങള്‍ ചെറുമീനുകളുമായി പിടിയില്‍.

2.50ലക്ഷം പരമാവധി പിഴ.

10 സെന്റീമീറ്ററിന് മുകളില്‍ വളർന്ന മീനുകളെ പിടിക്കാൻ അനുമതി.

പിഴ തീരുമാനിക്കുന്നത് ഹീയറിംഗില്‍.

പിടിച്ചെടുത്ത മത്സ്യങ്ങള്‍ ഒഴുക്കിവിട്ട ശേഷം വിവരങ്ങള്‍ വച്ച്‌ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഹിയറിംഗിലാണ് പിഴ സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നത്. രണ്ടര ലക്ഷം വരെ പിഴയീടാക്കാവുന്ന കുറ്റമാണിത്.

എതിർപ്പുമായി മത്സ്യതൊഴിലാളികള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മത്സ്യം പിടിച്ചെടുത്തത് ഒരു വിഭാഗം മത്സ്യ തൊഴിലാളികളുടെ എതിർപ്പിന് കാരണമായിരുന്നു. ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനവും കപ്പലപകടവുമടക്കം കഴിഞ്ഞ് ദുരിതത്തിലായ തങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഫിഷറീസ് നടപടിയെന്നാണ് ഇവരുടെ വാദം. നാളുകളായി തങ്ങള്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളാണെന്നും ഇവർ പരാതിപ്പെടുന്നു. എന്നാല്‍ കടലിലെ മത്സ്യ വളർച്ചയേയും ഘടനയേയും ദോഷമായി ബാധിക്കുന്നതിനാലാണ് ചെറു മത്സ്യങ്ങളെ പിടിക്കുന്നത് വിലക്കുന്നത്. വിഷയം രൂക്ഷമായതോടെ ചെറു മത്സ്യങ്ങള്‍ പിടിച്ചാല്‍ മീൻവലയിടുന്ന ഇൻബോർഡ് വള്ളങ്ങള്‍ക്കടക്കം പിഴ ചുമത്തുമെന്ന കർശന മുന്നറിയിപ്പും ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ പിടിച്ചെടുത്ത മത്സ്യങ്ങളെല്ലാം കടലില്‍ ഒഴുക്കി വിടുകയാണ് ആദ്യ നടപടി. ഇതിന് ശേഷം നിയമാനുസൃതമായി പിഴയടക്കമുള്ള നടപടികള്‍ക്ക് ശേഷമേ വള്ളങ്ങള്‍ ഉള്‍പ്പെടെ വിട്ടു നല്‍കു. ആർ. ജുഗ്നു -ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ

 

Leave A Reply

Your email address will not be published.