ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം പുലര്‍ത്തുന്ന ഞെട്ടിക്കുന്ന മൗനത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആശങ്ക രേഖപ്പെടുത്തി. തലസ്ഥാനത്ത് എത്തിയ അഞ്ച് അംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ സ്വീകരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ഈ വിഷയങ്ങളിലെല്ലാം ഇന്ത്യന്‍-അമേരിക്കന്‍ പ്രവാസികള്‍ എന്തുകൊണ്ടാണ് ഇത്രയും നിശബ്ദരായിരിക്കുന്നതെന്ന് ഞങ്ങള്‍ ഉന്നയിച്ച ഒരു കാര്യമാണ്.’ യോഗത്തിന് ശേഷം തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘നയത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഇന്ത്യന്‍-അമേരിക്കന്‍ വോട്ടറുടെ പോലും ഒരു ഫോണ്‍ കോള്‍ തന്റെ ഓഫീസിലേക്ക് വന്നിട്ടില്ലെന്ന് ഒരു യു എസ് കോണ്‍ഗ്രസ് വുമണ്‍ പറഞ്ഞു, ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.’ തരൂര്‍ പറഞ്ഞു. പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ – എല്ലാവരും ഡെമോക്രാറ്റുകള്‍, അവരില്‍ നാല് പേര്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ളവര്‍, ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ്മാന്‍ അമി ബെരയുടെ നേതൃത്വത്തിലുള്ളവരാണ്. അവര്‍ ഇന്ത്യയില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിന് ഉഭയകക്ഷി പിന്തുണ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കുകയും ചെയ്തതായി തരൂര്‍ പറഞ്ഞു.
പ്രതിനിധി സംഘം ‘വളരെ ഊഷ്മളമായും നല്ല രീതിയിലും ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍’, പ്രവാസികളും കൂടുതല്‍ സംസാരിക്കേണ്ടത് തുല്യ പ്രാധാന്യമുള്ള കാര്യമാണെന്നും എംപി ചൂണ്ടിക്കാട്ടി. ‘നിങ്ങളുടെ മാതൃരാജ്യവുമായുള്ള ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ അതിനുവേണ്ടി പോരാടുകയും സംസാരിക്കുകയും നിങ്ങളുടെ രാഷ്ട്രീയ പ്രതിനിധികളോട് ഇന്ത്യക്ക് വേണ്ടി നിലകൊള്ളാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.