പാനൂർ :
കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, കമ്മ്യൂണലിസ്റ്റ് സി ക്യൂബ്ഡ് മുന്നണി ഭാരതത്തിൽ അസ്ഥിരത സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പറഞ്ഞു. പാനൂരിൽ ബിജെപി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സി. സദാനന്ദൻ മാസ്റ്റർ എം.പിക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തെ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.
രാജ്യസ്നേഹികളുടെയും മനുഷ്യസ്നേഹികളുടെയും ഹൃദയാഭിലാഷമാണ് സി.സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാംഗത്വം എന്ന സ്ഥാനലബ്ധിയിലൂടെ പൂവണിഞ്ഞത്.
ഭീകരമായ ആക്രമണത്തിന് മുന്നിൽ സദാനന്ദൻ മാസ്റ്റർ പതറുകയോ പിന്നോട്ട് പോകുകയോ ചെയ്തില്ല. പ്രത്യയശാസ്ത്രത്തിന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോവുകയാണ് ചെയ്തത്. ഇന്ന് ക്രൂരകൃത്യം ചെയ്ത സിപിഎം ക്രിമിനലുകൾക്ക് പശ്ചാത്താപവും ഇല്ല അവരുടെ അരിശം തീർന്നിട്ടുമില്ല. സിപിഎം നടത്തിയ വിധ്വംസക പ്രവർത്തനങ്ങൾ മറക്കില്ല. അവരുടെ ക്രൂരകൃത്യങ്ങൾ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. സിപിഎം അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കണം. സി. സദാനന്ദൻ മാസ്റ്റർ അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, സാംസ്കാരിക നായകൻ, എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ്. ബീഹാറിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും കൈകോർക്കുമ്പോൾ എന്തുകൊണ്ട് കേരളത്തിൽ കൈകോർക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ധനമന്ത്രാലയം കടം വാങ്ങാൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറുമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
രാജ്യസഭാംഗമായ സി. സദാനന്ദൻ മാസ്റ്ററെ പാനൂർ യുപി സ്കൂളിന് മുൻവശത്ത് വെച്ച് നൂറുകണക്കിന് പ്രവർത്തകർ സ്വീകരിച്ച് യുപി സ്കൂളിലെ സ്വീകരണ വേദിയിലേക്കാനയിച്ചു. സ്വീകരണ സമ്മേളനത്തിൽ ബിജെപി പാനൂർ മണ്ഡലം പ്രസിഡൻറ് കെ. സി. വിഷ്ണു അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി, മുൻ കണ്ണൂർ ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് വി.പി. സുരേന്ദ്രൻ, അഡ്വ. ഷിജിലാൽ , സി. കെ. കുഞ്ഞിക്കണ്ണൻ, സി.പി. സംഗീത, എൻ.രതി, കെ.കെ. ധനഞ്ജയൻ, ഇ. പി. ബിജു, ടി.രാജൻ, എൻ. വി. ശ്രുതി, അർജുൻ വാസുദേവ്, എം. കെ. രാജീവൻ, എം. രത്നാകരൻ, പി. പി. രജിൽകുമാർ എന്നിവർ നേതൃത്വം നൽകി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എ. കെ. ഭാസ്കരൻ സ്വാഗതവും രോഹിത് റാം നന്ദിയും പറഞ്ഞു.