പാനൂർ :
ജനനായകൻ്റെ ഓർമ്മകളിൽ കരുത്തുറ്റ സോഷ്യലിസ്റ്റ് റാലിയോടെ പി.ആർ.അനുസ്മരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വല സമാപനം. ആറ് പതിറ്റാണ്ട് കേരള രാഷട്രീയത്തിലെ അതികായനായിരുന്ന പി.ആറിൻ്റെ സ്മരണകൾ കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ഒരോ പ്രവർത്തകരിലും ആവേശത്തിൻ്റെ കരുത്തിന് പോറലേറ്റില്ലെന്ന് തെളിയിക്കുന്ന കരുത്തുറ്റ റാലിയായിരുന്നു പി.ആറിൻ്റെ ജന്മ വീടിന് വിളിപ്പാടകലെയുള്ള പാലക്കൂലിൽ നിന്നുമാരംഭിച്ച റാലി കൂത്തുപറമ്പ് മണ്ഡലത്തിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ കരുത്ത് കാട്ടുന്നതിൻ്റെ നേർക്കാഴ്ചയുമായി മുത്തുക്കുട, ബാൻ്റ് സംഘം, ശിങ്കാരി മേളം, കേരളീയ വേഷത്തിലെത്തിയ സ്ത്രീകൾ, വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന റാലി പാനൂരിൻ്റെ തെരുവീഥികളെ പുളകം കൊള്ളിച്ചു.
പാനൂർ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സമാപിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് വി.കെ.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു.
ഝാർഖണ്ഡ് വ്യവസായ വകുപ്പ് മന്ത്രി ‘സഞ്ജയ് പ്രസാദ് യാദവ് മുഖ്യാതിഥിയായി. കെ.പി.മോഹനൻ എം.എൽ.എ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, മനയത്ത് ചന്ദ്രൻ , മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, ആർ.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്ക്കരൻ, ആർ.ജെ.ഡി ദേശീയ സമിതിയംഗങ്ങളായ രവീന്ദ്രൻ കുന്നോത്ത്, ഉഷ രയരോത്ത്, രാഷ്ട്രീയ മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ഒ.പി.ഷീജ, മുൻ സംസ്ഥാന സെക്രട്ടറി കെ.പി.ചന്ദ്രൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ പി.ദിനേശൻ സ്വാഗതവും സജീന്ദ്രൻ പാലത്തായി നന്ദിയും പറഞ്ഞു.