ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില റഷ്യ കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാല് ഡോളർ വരെ കുറച്ചു. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങും എന്നാണ് റിപ്പോർട്ടുകള്‍. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുമ്ബോഴാണ് മറുഭാഗത്ത് റഷ്യ ഇളവുകളുമായെത്തുന്നത്.
റഷ്യയില്‍ നിന്ന് സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന യുരാള്‍ ഗ്രേഡില്‍പ്പെട്ട ക്രൂഡ് ഓയിലിന് വിലക്കിഴിവുണ്ടെന്നാണ് വിവരം. ജൂലൈ മാസത്തില്‍ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയത്.
ചൈനയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂഡ് ഓയിലിന്റെ വില കുറച്ചത്. ഇന്ത്യ-റഷ്യ ആഴത്തിലുള്ളതാണെന്ന് പുടിൻ പറഞ്ഞിരുന്നു. റഷ്യയുമായി ഇന്ത്യക്ക് ‘പ്രത്യേക ബന്ധ’മുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.