ലണ്ടന്‍ : യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ (94) അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം മനുഷ്യസ്‌നേഹിയായും അറിയപ്പെട്ടിരുന്നു. ലണ്ടനില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടുത്തിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപാറോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ബ്രിട്ടന്‍ പ്രഭു സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. ജലന്ധറില്‍ ജനിച്ച സ്വരാജ് പോള്‍, 1966-ല്‍ തന്റെ മകള്‍ അംബികയ്ക്ക് ചികിത്സ തേടിയാണ് യുകെയിലേക്ക് താമസം മാറിയത്. പിന്നീട് മകള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ചു. തുടര്‍ന്നാണ് അദ്ദേഹം കാപാരോ ഗ്രൂപ്പ് സ്ഥാപിച്ചത്. സ്റ്റീല്‍, എന്‍ജിനിയറിങ്, പ്രോപ്പര്‍ട്ടി മേഖലകളില്‍ താല്‍പ്പര്യമുള്ള ഒരു ആഗോള സംരംഭമായി ഇത് പിന്നീട് വികസിക്കുകയായിരുന്നു. ഇന്ത്യ – ബ്രിട്ടീഷ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. 1983ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു.