കൊച്ചി : കോടതി പരിസരത്ത് ആരെയെങ്കിലും അറസ്‌റ്റ് ചെയ്യണമെങ്കിൽ പൊലീസ് ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്‌ഥാനത്തുള്ള ജഡ്‌ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗുരുതര കുറ്റകൃത്യം തടയാൻ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അറസ്‌റ്റ് ചെയ്യാം. എന്നാൽ ഉടൻ ജഡ്‌ജിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.
സ്വമേധയാ അല്ലെങ്കിൽ അഭിഭാഷകൻ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്‌റ്റ് ചെയ്യുകയോ കസ്‌റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിനു കോടതിയുടെ മുൻകൂർ അനുമതി വേണം.
അതേ സമയം, കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതര കുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാൽ പൊലീസിന് മുൻകൂർ അനുമതിയില്ലാതെ അറസ്‌റ്റ് ചെയ്യാം.
ആവശ്യമെങ്കിൽ ബലപ്രയോഗവുമാകാം. ദീർഘ നാൾ ഒളിവിലായിരുന്ന വാറൻ്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടൻ അറസ്‌റ്റ് രേഖപ്പെടുത്താം. എന്നാൽ രണ്ടു സാഹചര്യത്തിലും തൊട്ടു പിന്നാലെ തന്നെ ജഡ്‌ജിയെ വിവരം അറിയിക്കണം