Latest News From Kannur

കോപ്പാലത്ത് റോഡിലെ കുഴിയിൽ വീണ് മൂന്ന് പേർക്ക് പരിക്ക്; പൊലീസ് ഇടപെടലിന് പിന്നാലെ കുഴി താത്ക്കാലികമായി അടച്ചു

0

മാഹി : തലശ്ശേരി–പാനൂർ റൂട്ടിലെ തിരക്കേറിയ കോപ്പാലത്ത് റോഡ് അപകടങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന കുഴികളും വെള്ളക്കെട്ടുകളും മൂലം ദിവസേന ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി.

ഞായറാഴ്ച വൈകുന്നേരം സ്ത്രീയടക്കം മൂന്ന് സ്കൂട്ടർ യാത്രക്കാരാണ് കുഴിയിൽ വീണത്. അപകടത്തിൽ ഒരാളുടെ മൊബൈൽ ഫോണും വെള്ളത്തിൽ നഷ്ടമായി.

സംഭവത്തെ തുടർന്ന് പന്തക്കൽ എസ്.ഐ. പി. ഹരിദാസ് പൊതുമരാമത്ത് വകുപ്പിനെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴി താത്ക്കാലികമായി നിറച്ചു. പൊലീസ് ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

റോഡിൽ അവസാനമായി ടാറിംഗ് നടത്തിയിട്ട് 10 വർഷം കഴിഞ്ഞുവെന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഇടക്കിടെ പൊതുമരാമത്ത് വകുപ്പിന്റെ ജീവനക്കാർ സിമൻ്റ് മിശ്രിതം ഉപയോഗിച്ച് കുഴികൾ അടച്ചാലും ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ തകരുന്നതായി നാട്ടുകാർ പറയുന്നു.

റോഡിന്റെ ശോചനീയാവസ്ഥ പരിഹാരത്തിനായി ഇവിടെ ഇൻറർലോക്ക് പാകണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചു.

 

Leave A Reply

Your email address will not be published.