എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍…; പുതിയതായി 143 ബസുകള്‍; ആദ്യ ഓട്ടം ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍
തിരുവനന്തപുരം: പുതിയതായി എത്തുന്ന സൂപ്പര്‍ഫാസ്റ്റ് മുതല്‍ വോള്‍വോ വരെയുള്ള ബസുകള്‍ ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ ബസുകള്‍ ബംഗളൂരുവിലേക്കായിരിക്കും. എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എന്നിവയാണ് മറ്റുശ്രേണികളിലുള്ള ബസുകള്‍.
ബിഎസ് 6 വിഭാഗത്തിലുള്ള 143 ബസുകളാണ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുക. ഭംഗിയിലും സൗകര്യത്തിലും മറ്റു ബസുകളെ മറികടക്കുന്നവയാണ് പുതിയ ബസുകള്‍. ലിങ്ക് ബസുകള്‍ ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. ഓര്‍ഡിനറി സര്‍വീസിനുള്ള ഒമ്പത് മീറ്റര്‍ ബസുകളും തിരുവനന്തപുരത്ത് എത്തി.
സെപ്തംബര്‍ ആദ്യ ആഴ്ചയ്ക്കുശേഷം വോള്‍വോയില്‍ ഒന്ന് ബംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബിക സര്‍വീസിനുമായി നല്‍കും. രണ്ടും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് പുറപ്പെടുക. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. ആംബിയന്റ് ലൈറ്റിങ് ഉണ്ട്.
സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കര്‍ട്ടന്‍ എന്നിവയുമുണ്ട്. വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവി, പുറത്തും അകത്തുമായി കാമറകള്‍ എന്നിവ എല്ലാ ബസുകളിലുമുണ്ടാകും.