Latest News From Kannur

ന്യൂമാഹി ടൌണിൽ തണൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച സംഭവം: അധികൃതർക്കെതിരെ കേസെടുക്കും -വനം വകുപ്പ്

0

ന്യൂമാഹി : ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ചില്ലകളും തടിമരവും വെട്ടിമുറിച്ചിട്ട സംഭവത്തിൽ വനം വകുപ്പ് കേസെടുക്കും.

വ്യാഴാഴ്ച രാവിലെ കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്തും സംഘവും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ മലബാർ എവേർനെസ് ആൻ്റ് റെസ്‌ക്യൂ സെൻറർ ഫോർ വൈൽഡ് ലൈഫ് (എംഎ ആർസി) എന്ന സംഘടനയുടെ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

ബുധനാഴ്‌ച രാവിലെയാണ് മര ശിഖരങ്ങൾ മുറിച്ചു നീക്കിയത്. തണൽമരങ്ങളിൽ കൂട് കൂട്ടിയ പക്ഷികളുടെ കാഷ്‌ഠം കാരണം പൊതു ജനങ്ങൾക്ക് വഴി നടക്കാൻ സാധിക്കുന്നില്ലെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് അധികൃതർ മരത്തിൻ്റെ കുറെ ചില്ലകൾ മുറിച്ചുമാറ്റിയത്. മരച്ചില്ലകൾ മുറിച്ചു മാറ്റിയതിനെത്തുടർന്ന് മരത്തിലുണ്ടായിരുന്ന പക്ഷികളും പക്ഷിക്കുഞ്ഞുങ്ങൾ ഏറെയും ചത്തു. പക്ഷികളുടെ മുട്ടകളും നശിച്ചു.

പക്ഷികളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന ബന്ധപ്പെട്ടവരുടെ നടപടിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ജില്ലാ കലക്‌ടർക്കും വനം വകുപ്പിനും നൽകിയ പരാതിയെ തുടർന്നാണ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. കിന്നരികൊക്ക് (ഇന്ത്യൻ സ്മോൾ കോർമെന്റ്) എന്നറിയപ്പെടുന്ന പക്ഷികളാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്.

ചത്ത പക്ഷികളിൽ മൂന്നെണ്ണത്തെ വനം വകുപ്പധികൃതർ ന്യൂമാഹി മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രക്ഷപ്പെട്ട ഒരു പക്ഷിക്കുഞ്ഞിനെ സംരക്ഷിക്കുന്നതിന് മാർക്കിന്റെ പ്രവർത്തകർ കൊണ്ട് പോയി.

അതേ സമയം സ്ഥലം സന്ദർശിക്കാനെത്തിയ വനം വകുപ്പ് അധികൃതരെയും മാർക്കിന്റെ പ്രവർത്തകരെയും ന്യൂമാഹി ടൌണിലെ ഏതാനും ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും പൊതു പ്രവർത്തകരും ചോദ്യം ചെയ്‌തു. പഞ്ചായത്ത്, പൊതുമരാമത്ത് ദേശീയപാത അധികൃതർ മരം മുറിച്ച നടപടി ഉചിതമായെന്നും വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പക്ഷിക്കാഷ്ഠ പ്രശ്നത്തിന് പരിഹാരമായെന്നും പ്രതിഷേധവുമായെത്തിയവർ പ്രതികരിച്ചു. വാക്കേറ്റവും തർക്കവും ഒടുവിൽ നേരിയ സംഘർഷവുമുണ്ടായി.

Leave A Reply

Your email address will not be published.