Latest News From Kannur

സൗദി വിസ സ്റ്റാമ്പിംഗ്: ഇന്ത്യക്കാര്‍ക്ക് ലേബര്‍ വിസകള്‍ക്കും പരീക്ഷ നിര്‍ബന്ധം

0

റിയാദ് : സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മിക്ക പ്രൊഫഷനുകള്‍ക്കും ഇന്ത്യയില്‍ പരീക്ഷ നിര്‍ബന്ധമാക്കി.

ലോഡിംഗ് – അണ്‍ ലോഡിംഗ് ലേബര്‍ ഉള്‍പ്പെടെ ഇതുവരെ പരീക്ഷ ആവശ്യമില്ലാത്ത വിസകള്‍ക്കും ഇനി മുതല്‍ പ്രത്യേക ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്. ഇതോടെ വിരലിലെണ്ണാവുന്ന പ്രൊഫഷനുകള്‍ക്ക് മാത്രമാണ് പരീക്ഷ ആവശ്യമില്ലാത്തത്. അതേ സമയം കേരളത്തില്‍ കൂടുതല്‍ പ്രൊഫഷനുകള്‍ക്ക് പരീക്ഷാ സൗകര്യമായിട്ടുണ്ട്. സൗദി തൊഴില്‍ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി തൊഴില്‍മന്ത്രാലയം ഒന്നര വര്‍ഷം മുമ്പ് തൊഴില്‍ വിസകള്‍ക്ക് ഇന്ത്യയുള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്. ആദ്യം ടെക്‌നിക്കല്‍ മേഖലയിലെ വിസകള്‍ക്കായിരുന്നു പരീക്ഷയുണ്ടായിരുന്നത്.

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഇതിനായി ട്രെയിനിംഗ്, ടെസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നു. കേരളത്തില്‍ കൊച്ചിയിലാണ് പരീക്ഷാ കേന്ദ്രമുളളത്.

ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ ഉള്‍പ്പെടെയുള്ള ഏതാനും പ്രൊഫഷനുകള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ കേരളത്തില്‍ പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ വര്‍കര്‍, വര്‍ക്ക്‌ഷോപ്പ് വര്‍കര്‍, ഫുഡ് സര്‍വര്‍, ബ്ലാക്ക്‌സ്മിത്ത്, ഷെഫ്, പൈപ് ഇന്‍സ്റ്റാലര്‍ ഉള്‍പ്പെടെ 22 ഓളം പ്രൊഫഷനുകള്‍ക്ക് കേരളത്തില്‍ പരീക്ഷക്കിരിക്കാം.

ലോഡിംഗ് അണ്‍ലോഡിംഗ് ലേബര്‍ ഉള്‍പ്പെടെയുള്ള പ്രൊഷനുകള്‍ക്ക് ചെന്നൈയിലും മറ്റു പ്രൊഫഷനുകള്‍ക്ക് മുംബൈ, ഡല്‍ഹി, കൊല്‍കത്ത ഉള്‍പ്പെടെയുള്ള സെന്ററുകളിലും ടെസ്റ്റിന് ഹാജറാകണം.

വിസ സ്റ്റാമ്പ് ചെയ്യാന്‍ നല്‍കുമ്പോള്‍ ഏജന്‍സികള്‍ പരീക്ഷക്കാവശ്യമായ അപോയിന്‍മെന്റടക്കമുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്.

പരീക്ഷ വിജയിച്ചാല്‍ വിഎഫ്എസില്‍ പോയി ബയോമെട്രിക് നല്‍കിയ ശേഷമാണ് വിസ സ്റ്റാമ്പ് ചെയ്യുക. വിജയിച്ചവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

ചില പ്രൊഫഷനുകളുടെ പരീക്ഷകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ജയ്പൂരിലുമൊക്കെ പോകേണ്ടി വരും.

അതായത് നേരത്തെ വളരെ പെട്ടെന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ കാലതാമസമെടുക്കുമെന്നര്‍ഥം.

Leave A Reply

Your email address will not be published.