കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തിൻ്റെ ഭാഗമായി മട്ടന്നൂരിലും പരിസരങ്ങളിലും സുരക്ഷ കർശനമാക്കി.
. മട്ടന്നൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തിൻ്റെ ഭാഗമായി മട്ടന്നൂരിലും പരിസരങ്ങളിലും സുരക്ഷ കർശനമാക്കി. ശനിയാഴ്ച വൈകീട്ട് നാലിനാണ് അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെത്തുന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. തുടർന്ന് റോഡ് മാർഗം അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായി പോകും.
വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജിന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ യോഗം ചേർന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ അഡീഷണൽ കമ്മിഷണർമാർ, എഎസ്‌പിമാർ, ഡിവൈഎസ്‌പിമാർ, ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ യോഗമാണ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പോലീസുകാരാണ് സുരക്ഷയ്ക്കായി എത്തുന്നത്.