വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ 13 മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള ആഴ്ചമുതല്‍ അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനുമാണ് തീരുമാനം, നിസ്സഹകരണ സമരവും ശക്തമാക്കും.
അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തിച്ചികിത്സ, മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തരശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ പ്രതിഷേധപരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നല്‍കുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലായ് മുതല്‍ സംഘടന പ്രതിഷേധത്തിലാണ്.