സംസ്ഥാനവ്യാപകമായി എട്ടിന് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ബസുടമകളുടെ വിവിധ ആവശ്യങ്ങളിൽ തിരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ലിമിറ്റഡ് സ്റ്റോപ്പ് ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കിനൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പിസിസി വേണമെന്ന നിയമം പിൻവലിക്കുക, ഇ-ചലാൻ വഴിയുള്ള അന്യായ പിഴചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.