Latest News From Kannur

‘അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജം’; ഏഴുവര്‍ഷത്തിനു ശേഷം വിദ്യാര്‍ഥിനിയുടെ കുറ്റസമ്മതം

0

കൊച്ചി : അധ്യാപകനെതിരെ നല്‍കിയ പീഡനപരാതി വ്യാജമായിരുന്നെന്ന് ഏഴുവര്‍ഷത്തിനു ശേഷം വിദ്യാര്‍ഥിനിയുടെ കുറ്റസമ്മതം. കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശിക്കെതിരെ 2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണു പരാതി നല്‍കിയത്. കോടതിയിലെത്തിയ പെണ്‍കുട്ടി കേസ് പിന്‍വലിച്ചു.

പെണ്‍കുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. പിന്നീടു കേസിന്റെ പിന്നാലെയായി ജീവിതം. കുടുംബം പട്ടിണിയിലായതോടെ മറ്റു പണികള്‍ക്കിറങ്ങി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചതായി അധ്യാപകന്‍ പറയുന്നു.

പരാതിക്കാരി ഈയിടെയാണു അധ്യാപകന്‍റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടര്‍ന്നു ഭര്‍ത്താവിനൊപ്പം നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി, പരാതി വ്യാജമായിരുന്നെന്നും അധ്യാപകന്‍ നിരപരാധിയാണെന്നും അറിയിച്ചു. ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും ഇവര്‍ സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരായി പെണ്‍കുട്ടി മൊഴി കൊടുത്തതോടെ അധ്യാപകനെ വിട്ടയച്ചു.

Leave A Reply

Your email address will not be published.