Latest News From Kannur

കൊല്ലത്ത് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാം; ഇഡ്‌ലി,ദോശ,അപ്പം, ഇടിയപ്പം എല്ലാം റെഡി

0

കൊല്ലം : 10 രൂപ നല്‍കിയാല്‍ വയറ് നിറയെ പ്രഭാത ഭക്ഷണം കഴിച്ച് മടങ്ങാം. കൊല്ലം, ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പ്രത്യേക കൗണ്ടറിലാണ് ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഭഷണം ലഭ്യമാകുന്നത്. വിഷുക്കൈനീട്ടമായി കൊല്ലം കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. ഇഡ്‌ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം.

ഗുഡ്‌മോര്‍ണിങ് കൊല്ലം എന്ന പേരിലുള്ള പ്രഭാതഭക്ഷണ പദ്ധതി മന്ത്രി ജെ. ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയത് മികവുറ്റ പദ്ധതികളാണെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പൊതുവിതരണ സംവിധാനങ്ങള്‍ വഴിയും കുറഞ്ഞ നിരക്കില്‍ ഉല്‍പന്നങ്ങള്‍ കൃത്യമായി നല്‍കുന്നതിനാല്‍ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. നവംബറോടെ കേരളത്തില്‍ അതിദരിദ്രരില്ലാതാവുമെന്നും ഇതിന് കോര്‍പറേഷന്റെ പദ്ധതി ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ 300 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. ആശ്രാമത്തെ ‘സ്നേഹിത’ കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകള്‍ ഒരുക്കുക. 2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന ‘അമ്മമനസ്സ്’ പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടര്‍ച്ചയാണിതെന്ന് മേയര്‍ ഹണി പറഞ്ഞു.

Leave A Reply

Your email address will not be published.