Latest News From Kannur

മെഹുല്‍ ചോസ്‌കിയെ തിരികെ എത്തിക്കാന്‍ സിബിഐ, ഇഡി സംഘം ബെല്‍ജിയത്തിലേക്ക്; അര്‍ബുദബാധിതനെന്ന് അഭിഭാഷകന്‍;

0

ന്യൂഡല്‍ഹി : ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ബെല്‍ജിയത്തില്‍ വച്ച് അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി സിബിഐ – ഇഡി സംഘം അടുത്ത ദിവസം ബെല്‍ജിയത്തിലേക്ക് തിരിക്കും. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നവശ്യപ്പെട്ട് ചോസ്‌കിയുടെ അഭിഭാഷകന്‍ ഈയാഴ്ച ബെല്‍ജിയം കോടതിയെ സമീപിക്കും

ചോസ്‌കിയെ ഇന്ത്യയിലേക്ക് അയക്കണമോയെന്നത് സംബന്ധിച്ച് ബെല്‍ജിയം കോടതിയെടുക്കുന്ന നിലപാടാകും ഏറ്റവും നിര്‍ണായകമാകുക. ചോസ്‌കിയെ രാജ്യത്തേക്ക് തിരികെയെത്തിക്കുന്നതിനായി സിബിഐ, ഇഡി സംഘം രണ്ടുദിവസത്തിനുള്ളില്‍ ബെല്‍ജിയത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്ക് കൈമാറണമെന്ന അപേക്ഷയെ തുടര്‍ന്നാണ് ബെല്‍ജിയം പൊലീസ് മെഹുല്‍ ചോക്സിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ തുടര്‍നടപടികള്‍ക്കായി ചോസ്‌കിയെ രാജ്യത്ത് എത്തിക്കുന്നതിന് നിയമ തടസ്സം ഉണ്ടാകില്ലെന്നാണ് കരുതുന്നത്.

അതേസമയം രക്താര്‍ബുദബാധിതനായതിനാല്‍ ചികിത്സയ്ക്കായി ജാമ്യം ആവശ്യപ്പെടുമെന്ന് ചോസ്‌കിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നാടുകടത്തല്‍ വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 13,500 കോടി രൂപയുടെ പിഎന്‍ബി ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന മെഹുല്‍ ചോക്‌സി, ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനാണ്.

വജ്രവ്യാപാരിയായ മെഹുല്‍ ചോക്‌സി ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തിലെ തുറമുഖ നഗരമായ ആന്റ്വെര്‍പ്പില്‍ താമസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ചോസ്‌കി അറസ്റ്റിലായത്. നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവരാണ് മെഹുല്‍ ചോക്‌സിയെ ബെല്‍ജിയത്തില്‍നിന്നു നാടുകടത്തണമെന്ന് ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.