Latest News From Kannur

രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍പ്പാലം; പുതിയ പാമ്പന്‍ പാലം നാടിന് സമര്‍പ്പിച്ച് മോദി-

0

ചെന്നൈ : രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍പ്പാലമായ പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഗതാഗതത്തിന് തുറന്നു കൊടുത്തു. രാമനവമിയോടനുബന്ധിച്ച് തമിഴ്നാട്ടില്‍ നടന്ന ചടങ്ങിലാണ് മോദി പുതിയ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാര്‍ഡ് കപ്പലും പുതിയ രാമേശ്വരം-താംബരം (ചെന്നൈ) ട്രെയിന്‍ സര്‍വീസും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

തമിഴ്നാട്ടിലെ പാക് കടലിടുക്കില്‍ 2.07 കിലോമീറ്റര്‍ നീളമുള്ള പാലം ഇന്ത്യയുടെ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിനും ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും തെളിവാണെന്ന് റെയില്‍വേ മന്ത്രാലയം വിശദീകരിച്ചു. തീര്‍ത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍പാലത്തില്‍ 99 തൂണുകളാണ് ഉള്ളത്.

1914ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാമ്പന്‍ പാലം 2022 ഡിസംബറില്‍ ഡീകമീഷന്‍ ചെയ്തതോടെയാണ് 700 കോടി രൂപ ചെലവില്‍ കൂടുതല്‍ സുരക്ഷിതമായ പുതിയ പാലം നിര്‍മിച്ചത്. പഴക്കവും സുരക്ഷാ പ്രശ്നങ്ങളും മുന്‍നിര്‍ത്തിയാണ് ഡീകമീഷന്‍ ചെയ്തത്.

ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പ്പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാല്‍ വലിയ കപ്പലുകള്‍ക്ക് അടക്കം സുഗമമായി പോകാന്‍ കഴിയുന്ന തരത്തില്‍ അഞ്ചുമിനുട്ട് കൊണ്ട് ലിഫ്റ്റ് സ്പാന്‍ 17 മീറ്ററോളം നേരെ ഉയര്‍ത്താവുന്ന സംവിധാനമാണ് പുതിയ പാലത്തില്‍. ഈ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയര്‍ത്താന്‍ 3 മിനിറ്റും താഴ്ത്താന്‍ 2 മിനിറ്റുമാണ് വേണ്ടിവരിക.

പാലത്തിന്റെ പ്രത്യേകതകള്‍:

72.5 മീറ്റര്‍ നാവിഗേഷന്‍ സ്പാന്‍ 17 മീറ്റര്‍ വരെ ഉയര്‍ത്താം, അതുവഴി വലിയ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയും.

നിലവിലുള്ളതിനേക്കാള്‍ 3 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്, ഇത് സീ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നു.

കൂടുതല്‍ ഈട് നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തരത്തിലാണ് ഇതിന്റെ ഡിസൈന്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബലപ്പെടുത്തലും ഉയര്‍ന്ന നിലവാരമുള്ള സംരക്ഷണ പെയിന്റിന്റെ ഉപയോഗവും നടന്നിട്ടുണ്ട്.

പാലത്തിന്റെ ഉപഘടന രണ്ട് ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിംഗില്‍ ലൈനിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് സൂപ്പര്‍സ്ട്രക്ചര്‍.

 

Leave A Reply

Your email address will not be published.