Latest News From Kannur

എംപുരാന്‍: മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

0

കൊച്ചി : മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. തിരക്കഥ വായിക്കാതെ സിനിമയില്‍ അഭിനയിക്കില്ലല്ലോ. മോഹല്‍ലാലിനെതിരെ കേസിന് പോകുമെന്നും സി. രഘുനാഥ് പറഞ്ഞു.

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകളാണ് വിവാദമായിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംപുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.

റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്‌സോഫീസില്‍നിന്ന് 100 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രം, ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 65 കോടി രൂപയിലേറെയാണ് ആദ്യദിന കളക്ഷന്‍. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കളക്ഷനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Leave A Reply

Your email address will not be published.