Latest News From Kannur

ചാൻസലർ പദവി മാറ്റൽ ബില്ല് രാഷ്ട്രപതി തള്ളി, നടപടി കേരളത്തിന്റെ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

0

തിരുവനന്തപുരം : ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. 2021ലെ യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും തള്ളി.

ഈ ബില്ലുകൾ ഗവർണർക്ക് തിരിച്ചയയ്ക്കും. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങൾ സഹിതം ഗവർണർ ബില്ലുകൾ സർക്കാരിന് കൈമാറും. ഇതിന്മേൽ ഇനി നടപടികൾ അസാദ്ധ്യമാണ്. ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയും തീരുമാനമെടുക്കാതെ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടിയും ചോദ്യംചെയ്ത് കേരളം നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് ബില്ലുകൾ തള്ളിയത്.

ഇതടക്കം നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. നാലു ബില്ലുകൾക്ക് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള സർവകലാശാലാ നിയമഭേദഗതി ബിലുകൾ 2022ലാണ്

നിയമസഭ പാസാക്കിയത്.

സർവകലാശാലകളുടെ സ്വയംഭരണം തകരുമെന്നും സർക്കാരിനെ ആശ്രയിക്കുന്ന ചാൻസലർമാർ വരുന്നതോടെ സർക്കാരിന്റെ അതിരുവിട്ട ഇടപെടലുകൾക്ക് സാഹചര്യം ഒരുങ്ങുമെന്നും അന്നത്തെ ഗവർണർ രാഷ്ട്രപതിയെ അറിയിച്ചിരുന്നു.

യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരം ഗവർണറിൽ നിന്ന് സർക്കാർ ഏറ്റെടുത്ത ബില്ലിലും ഗവർണർ രാഷ്ട്രപതിയോട് എതിർപ്പറിയിച്ചിരുന്നു.

ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്‌ജിയിൽ കുറയാത്ത ജുഡീഷ്യൽ ഓഫീസറായിരിക്കണം യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ എന്നാണ് നിലവിലെ ചട്ടം. നിയമഭേദഗതി പ്രകാരം നിയമനം സർക്കാരിന് നടത്താം.ഹൈക്കോടതി ജഡ്‌ജിയായിരുന്നവർക്കും ജില്ലാ ജഡ്‌ജിയിൽ കുറഞ്ഞ റാങ്കുള്ളവർക്കും നിയമനം നൽകാം. ഹൈക്കോടതിയെ ഒഴിവാക്കിയുള്ള ട്രൈബ്യൂണൽ നിയമനം സർവകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള അതിരുവിട്ട ഇടപെടലായി മാറുമെന്നുമുള്ള ഗവർണറുടെ എതിർപ്പ് അംഗീകരിച്ചാണ് രാഷ്ട്രപതി ബിൽ തള്ളിയത്.

Leave A Reply

Your email address will not be published.