ഡാക്ക : ബംഗ്ലാദേശിൽ വീണ്ടും ഒരു അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. ഷൈഖ് ഹസീന സർക്കാരിനെ വീഴ്ത്തി ഇടക്കാല സർക്കാർ അധികാരത്തിലെത്തിയെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ പൂർണ്ണതോതിൽ സമാധാനപരമായിരുന്നില്ല.
അധികാരത്തിലെത്തിയ മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേയും പ്രതിഷേധങ്ങളുയർന്നു. ഇതിനിടെയാണ് അധികാരം ഏറ്റെടുക്കാൻ സൈന്യം നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
ഇന്ത്യ ടുഡേയാണ് അടുത്തവൃത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിൽ സുപ്രധാന സംഭവങ്ങൾക്ക് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് സൂചന. വാക്കർ ഉസ്മാന്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തിരയോഗം വിളിച്ചിരുന്നു. ഇതിന്റെ അലയൊലികൾ രാജ്യം അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് ലെഫ്റ്റനൻ്റ് ജനറൽമാർ, എട്ട് മേജർ ജനറൽമാർ (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാൻഡിങ് ഓഫീസർമാർ, സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥർ തുടങ്ങി ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവർ സൈനിക യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.