Latest News From Kannur

‘ഇതെന്താ മെഡിക്കല്‍ ടൂറിസമോ?’; ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നതു നിര്‍ത്തിയെന്ന് ഹൈക്കോടതി

0

കൊച്ചി: ജയിലില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ആര്‍ക്കും ജാമ്യം അനുവദിക്കില്ലെന്നു ഹൈക്കോടതി. സംസ്ഥാനത്ത് ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസത്തിനുള്ള വഴിയായി മാറുന്നെന്ന് കോടതി വിമര്‍ശിച്ചു. പാതിവില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശം.

മുന്‍പ് ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നല്‍കിയ ചില കേസുകള്‍ ചൂണ്ടിക്കാട്ടിയാണ്, മെഡിക്കല്‍ ഗ്രൗണ്ടില്‍ ജാമ്യം നല്‍കുന്ന പരിപാടി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കോടതി അറിയിച്ചത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഗുരുതരമാണെന്നും പറഞ്ഞതിനാലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും തയാറായി.

ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് പി.സി.ജോര്‍ജിന് ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിച്ചപ്പോള്‍ സാധാരണ ആശുപത്രിയില്‍ പോകാത്ത പിതാവിന്റെ ആരോഗ്യ പരിശോധനയെല്ലാം നടത്താന്‍ കഴിഞ്ഞതിന് പരാതിക്കാരനോട് നന്ദിയുണ്ട് എന്നാണ് ജോര്‍ജിന്റെ മകന്‍ മാധ്യമങ്ങളോടു പറഞ്ഞത്. പി.സി.ജോര്‍ജിന്റെ മകന്‍ പരോക്ഷമായി പറഞ്ഞത് കോടതിയോടും കൂടിയാണ്. ഇത് മെഡിക്കല്‍ ടൂറിസമാണോ? കേരളത്തിലെ വലിയ ആളുകളുടെ ജാമ്യാപേക്ഷകളൊക്കെ ഇപ്പോള്‍ മെഡിക്കല്‍ ടൂറിസമായി മാറുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ആനന്ദകുമാറിന് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പു വരുത്താനും കോടതി നിര്‍ദേശിച്ചു. ജയിലില്‍ ലഭ്യമാവാത്ത എന്തെങ്കിലും ചികിത്സ വേണ്ടതുണ്ടെങ്കില്‍ അക്കാര്യവും അറിയിക്കാന്‍ കോടതി പറഞ്ഞു.

 

 

Leave A Reply

Your email address will not be published.