Latest News From Kannur

പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അന്തരിച്ചു.

0

കണ്ണൂര്‍: പുരോഗമന കലാ സാഹിത്യ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച 12മണിക്ക് നടക്കും.

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യ നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കലാസ്വാദകന്‍ എന്നീ നിലകളില്‍ ഉത്തരകേരളത്തിലെ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു. സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി അഞ്ചുകൊല്ലം പ്രവര്‍ത്തിച്ചു. അന്നൂര്‍ രവിവര്‍മ കലാനിലയത്തിലൂടെ നാടക രംഗത്ത് സജീവമായി. എ.കെ.കൃഷ്ണന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ വിദ്വാന്‍ പരീക്ഷ പാസായി ഹൈസ്‌കൂള്‍ അധ്യാപകനായി. കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി നിയമനം ലഭിച്ചു. 1995 മാര്‍ച്ചില്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍നിന്ന് വിരമിച്ചു. തുടര്‍ന്നും പയ്യന്നൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം.

പിലാത്തറ ലാസ്യ കോജ് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ആജീവനാന്ത ചെയര്‍മാന്‍, എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍, സര്‍ഗ ഫിലിം സൊസൈറ്റി, ദൃശ്യ, ഓപ്പണ്‍ ഫോറം തുടങ്ങിയ സാംസ്‌കാരീക പ്രസ്ഥാനങ്ങളുടെ മാര്‍ഗദര്‍ശിയും സര്‍ഗയുടെ പ്രസിഡന്റുമായിരുന്നു.

ഭാര്യ: പരേതയായ സി.പി.വത്സല. മക്കള്‍: സി.പി. സരിത, സി.പി. ശ്രീഹര്‍ഷന്‍ (ചീഫ് കറസ്‌പോണ്ടന്റ്, മാതൃഭൂമി ഡല്‍ഹി), സി.പി. പ്രിയദര്‍ശന്‍ (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന്‍ (കേരള ഗ്രാമീണ ബാങ്ക്, കുടിയാന്‍മല), സംഗീത (അസി.പ്രഫസര്‍ ഐഐഎം ഇന്‍ഡോര്‍), ഹണി( ദുബായ്)

പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ മുന്‍ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണം പുരോഗമന സാംസ്‌കാരിക സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.

കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിന്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അപ്പുക്കുട്ടന്‍ ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കും. പി അപ്പുക്കുട്ടന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

 

Leave A Reply

Your email address will not be published.