പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ ബുക്കിംഗ് നിയന്ത്രണം; കുടുംബ ബജറ്റിനും ഹോട്ടല്‍ മേഖലയ്ക്കും തിരിച്ചടി

പാചകവാതക വിലക്കയറ്റത്തിന് പിന്നാലെ ബുക്കിംഗ് നിയന്ത്രണം; കുടുംബ ബജറ്റിനും ഹോട്ടല്‍ മേഖലയ്ക്കും തിരിച്ചടി
പാചക വാതക സിലണ്ടര്‍ വിലവര്‍ധനയ്ക്ക് പിന്നാലെ സിലിണ്ടര്‍ ബുക്കിംഗിലും പുതിയ നിയന്ത്രണങ്ങളുമായി എണ്ണക്കമ്പനികള്‍ഇനി മുതല്‍ ഒരു സിലിണ്ടര്‍ ലഭിച്ചുകഴിഞ്ഞാല്‍ അടുത്തത് ബുക്ക് ചെയ്യാന്‍ ചുരുങ്ങിയത് 21 ദിവസം കാത്തിരിക്കണം (ലോക്ക്-ഇന്‍ പിരീഡ്). പൂഴ്ത്തിവെപ്പും അനാവശ്യ ബുക്കിങ്ങുകളും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് കമ്പനികള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, ഗ്യാസ് വേഗത്തില്‍ തീരുന്ന വലിയ കുടുംബങ്ങളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും.

കണ്ണുനീറി വീട്ടകങ്ങളും ഹോട്ടലുകളും

കഴിഞ്ഞ ദിവസമാണ് പാചകവാതക സിലിണ്ടറുകള്‍ക്ക് 60 രൂപ വര്‍ധിപ്പിച്ചത്. ഇതോടെ സിലണ്ടറൊന്നിന് വില 922 രൂപയായി.വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയാണ് വര്‍ധിപ്പിച്ചത്.

പാചക വാതക വില വര്‍ധിപ്പിച്ചതും സിലണ്ടര്‍ ലഭ്യതയില്‍ കുറവു വരുന്നതും ഹോട്ടലുകള്‍ ഉള്‍പ്പെടയുള്ളവയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ചെറിയ ഹോട്ടലുകള്‍ക്ക് പോലും ഒരു ദിവസം മൂന്ന് സിലണ്ടറുകള്‍ വരെയാണ് ആവശ്യമായി വരുന്നത്. വില വര്‍ധിച്ചതോടെ ഒരു മാസം 10,000 രൂപയിലധികം അധിക ചെലവ് വരും. ഇതിനൊപ്പം സ്വകാര്യ ഗ്യാസ് കമ്പനികള്‍ പലരും നല്‍കിയിരുന്ന സബ്‌സിഡിയും നിര്‍ത്തിയിട്ടുണ്ട്. 140 രൂപയോളം സബ്‌സിഡി ലഭിച്ചിരുന്നതും നിലയ്ക്കുന്നത് കൂടുതല്‍ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുന്നുവെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി.ജയപാല്‍ പറഞ്ഞു.

നിലവില്‍ ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 21 ദിവസത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് വാണിജ്യ സിലണ്ടറുകളിലേക്കും വ്യാപിച്ചാല്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന നിലയിലേക്ക് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനൗദ്യോഗിക നിയന്ത്രണങ്ങള്‍

സിലണ്ടര്‍ വിതരണത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ വിവരം അനൗദ്യോഗികമായാണ് ഏജന്‍സികളെ എണ്ണകമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഒറ്റ സിലണ്ടറുകാര്‍ക്ക് 30 ദിവസത്തിനകവും രണ്ട് സിലണ്ടറുകാര്‍ക്ക് 21 ദിവസത്തിനകവും പുതിയ സിലണ്ടറുകള്‍ അനുവദിക്കരുതെന്നാണ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാണിജ്യ സിലണ്ടറുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ചില എണ്ണക്കമ്പനികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ആവശ്യപ്പെട്ടിരുന്നു. ഇതോടെ റീഫില്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇവയുടെ വിതരണം പൂര്‍ണമായും നിര്‍ത്തിയതായാണ് സൂചന. അതേസമയം സിലിണ്ടര്‍ ക്ഷാമമുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

വര്‍ധിച്ചുവരുന്ന ഇന്ധനവിലയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന നടപടിയാണിതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം എണ്ണ വിതരണത്തെ ബാധിച്ചതാണ് നിലവിലെ വിലവര്‍ധനവിനും നിയന്ത്രണങ്ങള്‍ക്കും പിന്നിലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.