‘ദയവ് ചെയ്ത് ഞങ്ങളെ ഇനിയും പറഞ്ഞു പറ്റിക്കരുത്, വിങ്ങിപ്പൊട്ടി ആശ വര്‍ക്കര്‍മാര്‍’ ആരോഗ്യ മന്ത്രിയുമായി വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: ”ദയവ് ചെയ്ത് ഞങ്ങളെ പറഞ്ഞുപറ്റിക്കരുത്, ഇനിയും പറ്റിക്കാനാണോ ചര്‍ച്ച. ഞങ്ങളെ ഇങ്ങനെ പറ്റിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും.” എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരമിരിക്കുന്ന ആശ വര്‍ക്കര്‍മാര്‍ നിറകണ്ണുകളോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. 38 ദിവസമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരത്തിലാണ് ആശ വർക്കർമാർ.
രാവിലെ എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നല്‍കാന്‍ ഫണ്ടില്ലെന്നാണ് എന്‍എച്ച്എം ചര്‍ച്ചയില്‍ പറഞ്ഞതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ശാലിനി പ്രതികരിച്ചു. അതേസമയം, സമരക്കാര്‍ക്ക് ഓണറേറിയം നിഷേധിക്കുന്നതായും സമരക്കാര്‍ ആരോപിച്ചു.
എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണം എന്നുമാണ് ആവശ്യപ്പെട്ടത്. ഓണറേറിയം മാനദണ്ഡത്തിലെ സംശയങ്ങള്‍ തീര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. വേതനത്തില്‍ ഉള്‍പ്പെടെ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോ എന്ന നിലപാടാണ് യോഗത്തില്‍ ഉടനീളം അധികൃതര്‍ സ്വീകരിച്ചത്. സമരം അവസാനിപ്പിക്കണം എന്നുമാത്രമായിരുന്നു അവരുടെ ആവശ്യം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് കൃത്യമായി ഓണറേറിയം നല്‍കുകയും ചെയ്തിട്ടുണ്ട് എന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്.
ഇത് രണ്ടാം തവണയാണ് ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുന്നത്. ഒരു മാസത്തിലേറെ ആയി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിനിധികളുമായി ആദ്യഘട്ടത്തിലും മന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിയുന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിരിരുന്നില്ല.