തിരുവനന്തപുരം: ഗുരുതര സാമൂഹികവിപത്തായ ലഹരിക്കും മാലിന്യത്തിനുമെതിരേ രാഷ്ട്രീയം നോക്കാതെ ഒന്നിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. നിയമസഭയിൽ എക്സൈസ്, തദ്ദേശവകുപ്പുകളുടെ ധനാഭ്യർഥനചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സർക്കാർ അധികാരത്തിൽ വന്നശേഷം 26,454 എൻഡിപിഎസ് കേസുകളും 72,755 അബ്കാരി കേസുകളും എടുത്തു. 2023-ൽ 4998 പേരെ ശിക്ഷിച്ചു. ശിക്ഷാനിരക്ക് 98.34 ശതമാനം. 2024-ൽ 4473 പേരെ ശിക്ഷിച്ചു. ശിക്ഷാനിരക്ക് 96.5 ശതമാനം. ദേശീയശരാശരി 75 ശതമാനംമാത്രമാണ്.
തദ്ദേശസ്ഥാപനങ്ങൾക്ക് 2010-2011-ൽ നൽകിയ ബജറ്റ് വിഹിതം 20.45 ശതമാനമായിരുന്നു. 2025-2026-ൽ 28.35 ശതമാനമാക്കി. ബ്രഹ്‌മപുരത്തുനിന്ന് എട്ടുലക്ഷം ടൺ മാലിന്യത്തിൽ ആറുലക്ഷം ഇതിനകം നീക്കി. മേയ് മാസത്തോടെ പൂർണമായും നീക്കും. അവിടെ പൂങ്കാവനത്തിൻ്റെ നിർമാണം തുടങ്ങി. 150 ടൺ മാലിന്യം ബയോഗ്യാസാക്കി ബിപിസിഎൽ കമ്പനിയിലെത്തിക്കുന്ന പദ്ധതി ഏപ്രിലിൽ പ്രാവർത്തികമാക്കും.